പാലക്കാട്ട് ജനവാസ മേഖലയിലിറങ്ങിയ മൂന്ന് കാട്ടാനകളെയും കാടുകയറ്റി

പാലക്കാട് ജനവാസമേഖലയിലിറങ്ങിയ ആനകൾ. ചിത്രം: ധനേഷ് അശോകൻ

പാലക്കാട്∙ മാങ്കുറുശിയിൽ ജനവാസമേഖലയിലിറങ്ങിയ മൂന്നു കാട്ടാനകളെ കാടുകയറ്റി. ശനിയാഴ്ച പുലര്‍ച്ചയോടെ മുണ്ടൂര്‍ അയ്യര്‍ മലയിലേക്കാണ് ആനകളെ കയറ്റിവിട്ടത്. എന്നാല്‍ ഇവ വീണ്ടും നാട്ടിലിറങ്ങുമെന്ന ഭീതിയിലാണ് ജനം. വെള്ളിയാഴ്ച പുലര്‍ച്ചെ മാങ്കുറിശ്ശിലിറങ്ങിയ ആനകള്‍ മണിക്കൂറുകളോളം ഭീതി പടര്‍ത്തിയിരുന്നു.

രണ്ടു കൊമ്പന്മാരും ഒരു പിടിയാനയും ചേർന്നാണ് നാടൊന്നാകെ വിറപ്പിച്ചത്. വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പലരും. സ്വകാര്യസ്ഥലത്തെ വൻമരങ്ങൾക്കിടയിൽനിന്ന് കാട്ടാനകൾ പലവട്ടം പുറത്തിറങ്ങാൻ നോക്കിയപ്പോഴോക്കെ ജനം ഞെട്ടിവിറച്ചു. ആളുകൂടിയാലുളള അപകടം കണക്കിലെടുത്ത് ഉച്ചഭാഷിണിയിലൂടെ പൊലീസ് ജാഗ്രതാ നിർദേശം നൽകി കൊണ്ടിരുന്നു. പാലക്കാട് ഒറ്റപ്പാലം സംസ്ഥാനപാതയിൽ പലവട്ടം ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു.

കഴിഞ്ഞ ദിവസം മുണ്ടൂരിലും പറളിയിലും ഭീതി വിതച്ച കാട്ടാനകളാണ് മാങ്കുറിശ്ശിയിലും പരിസരത്തും വനപാലകർക്കും നാട്ടുകാർക്കും നേരെ കൊലവിളിയുമായി പാഞ്ഞടുത്തത്. പാലക്കാട്–കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ആനകൾ മാങ്കുറിശ്ശിയിലെത്തിയത്.