‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്; ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചു പ്രതികരിച്ചില്ല

കൊച്ചി∙ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് നടൻ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചു പൃഥ്വിരാജ് പ്രതികരിച്ചില്ല.

നേരത്തേ, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ചേർന്ന അമ്മ ഭാരവാഹികളുടെ യോഗത്തിൽ ദിലീപിനെ പുറത്താക്കാൻ ശക്തമായ നിലപാടെടുത്തത് സംഘടനയിലെ യുവതാരങ്ങളായിരുന്നു. അതിനു പിന്നാലെ വന്ന റിപ്പോർട്ടുകളിൽ പൃഥ്വിരാജ് നേതൃമാറ്റം ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു.