എല്ലാ ഭാഷകൾക്കും ദേശീയ ഭാഷാ പദവി നൽകണം: ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ

ന്യൂഡൽഹി∙ ഇന്ത്യയിലെ എല്ലാ ഭാഷകളും ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന് എഐഎഡിഎംകെ നേതാവും ലോക്സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ. എല്ലാ ഭാഷകൾക്കും ഔദ്യോഗിക സ്ഥാനവും നൽകണമെന്നും ക്വിറ്റ് ഇന്ത്യാ പ്രചാരണത്തിന്റെ 75–ാം വാർഷികം സ്മരിക്കുന്ന വേളയിൽ ലോക്സഭയിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാ ഭാഷകളിൽനിന്നുള്ള ജനങ്ങളും പോരാടി. ഒരു ഭാഷയ്ക്കു മുൻഗണന നൽകാതെ എല്ലാ ഭാഷയെയും ഒരുപോലെ കാണുക എന്നതു പാർലമെന്റിന്റെ ബാധ്യതയാണ്, തമ്പിദുരൈ കൂട്ടിച്ചേർത്തു.

വിഷയം ഉന്നയിച്ച് ആദ്യം തമിഴ് ഭാഷയിലാണു തമ്പിദുരൈ സംസാരിച്ചത്. മുൻകൂട്ടി സ്പീക്കറെ അറിയിക്കാഞ്ഞതിനാൽ പരിഭാഷ ഏർപ്പെടുത്താനായില്ല. ഇതുചൂണ്ടിക്കാട്ടിയപ്പോൾ, തമിഴിൽ സംസാരിക്കണമെങ്കിൽ തനിക്ക് അനുമതി വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലിഷിലോ ഹിന്ദിയിലോ സംസാരിക്കാൻ ഞാൻ നിർബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് തമ്പിദുരൈയുടെ പരാമർശം വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ വിഷയത്തെ വൈകാരികമായാണ് കാണുന്നതും.