ചൈനയെ നേരിടാനുള്ള ആയുധശേഷിയും ആൾബലവും ഇന്ത്യയ്ക്കുണ്ട്: ജയ്റ്റ്‍ലി

ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ തക്ക ആയുധശേഷിയും ആൾബലവും ഇന്ത്യൻ സൈന്യത്തിനുണ്ടെന്നു പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ കെ.സി. വേണുഗോപാലിനു മറുപടി നൽകി. സൈന്യത്തിന്റെ പക്കലുള്ള ആയുധ പ്രതിരോധ സംവിധാനങ്ങൾ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി. 

കേരളത്തിൽ എ1 വിഭാഗത്തിൽ പെട്ട നാലു റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം കമ്മിഷൻ ചെയ്തു കഴിഞ്ഞതായും എ, ബി വിഭാഗത്തിൽ പെട്ട 24 സ്റ്റേഷനുകളിൽ കൂടി 2020 മാർച്ചിനകം വൈ ഫൈ ഒരുക്കുമെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ രാജ്യസഭയിൽ എം.പി. വീരേന്ദ്ര കുമാറിനു മറുപടി നൽകി. എ1 വിഭാഗത്തിൽ പെട്ട തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് വൈ ഫൈ സംവിധാനം കമ്മിഷൻ ചെയ്തത്. എ, ബി വിഭാഗത്തിൽ പെടുന്ന കൊല്ലം ജംക്‌ഷൻ, ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, എറണാകുളം ടൗൺ, കാഞ്ഞങ്ങാട്, കണ്ണൂർ, കാസർകോട്, കായംകുളം ജംക്‌ഷൻ, കോട്ടയം, പാലക്കാട് ജംക്‌ഷൻ, പയ്യന്നൂർ, ഷൊർണൂർ ജംക്‌ഷൻ, തലശേരി, തിരൂർ, തിരുവല്ല, വടകര, ചങ്ങനാശേരി, ഗുരുവായൂർ, കൊച്ചുവേളി, കുറ്റിപ്പുറം, ഒറ്റപ്പാലം, കൊയിലാണ്ടി, വർക്കല ശിവഗിരി എന്നിവിടങ്ങളിലും ഏർപ്പെടുത്തും. 

നഴ്സുമാരുടെ വേതനവും ആനുകൂല്യങ്ങളും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു നടപ്പാക്കിയതു സംബന്ധിച്ചു കേരളം, തമിഴ്നാട്, ത്രിപുര, ചണ്ഡിഗഡ്, ബിഹാർ, ഛത്തീസ്ഗഡ്, ഡാമൻ ഡിയു സർക്കാരുകളുടെ റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ സഹമന്ത്രി ഫഗൻ സിങ് കുലസ്തെ ലോക്സഭയിൽ ആന്റോ ആന്റണിക്കു മറുപടി നൽകി.