Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസിയുടെ ചിത്രം: ഹോങ്കോങ് ജനാധിപത്യവാദിക്ക് ചൈനയുടെ 'സ്റ്റേപ്പിൾ ആക്രമണം'

Hong-Kong-Activist-Howard-Lam ഹൊവാഡ് ലാം തന്റെ ശരീരത്തിലെ സ്റ്റേപ്പിൾ പിന്നുകൾ വാർത്താസമ്മേളനത്തിൽ‌ മാധ്യമപ്രവർത്തകരെ കാണിക്കുന്നു. ചിത്രം: ട്വിറ്റർ, സൗത്ത് ചൈന മോണിങ് പോസ്റ്റ്

ഹോങ്കോങ്∙ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവർത്തകനുനേരെ ചൈനയുടെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകൻ ഹൊവാഡ് ലാമിന്റെ ശരീരത്തിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റിയായിരുന്നു ആക്രമം. വാർത്താസമ്മേളനത്തിൽ‌ ഹൊവാഡ് ലാം ശരീരത്തിലെ സ്റ്റേപ്പിൾ പിന്നുകൾ മാധ്യമപ്രവർത്തകരെ കാണിച്ചു.

ജനാധിപത്യമെന്നു പറഞ്ഞു ഹോങ്കോങ്ങിനു മേലുള്ള ചൈനയുടെ പരമാധികാരത്തെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ അതൊട്ടും അനുവദിക്കില്ലെന്നും ചൈനീസ് സർക്കാരിന്റെ അധികാരത്തെ വെല്ലുവിളിക്കാനും അട്ടിമറി നടത്താനുമുള്ള ഏതു ശ്രമവും ലക്ഷ്മണരേഖ കടക്കലായി കണക്കാക്കുമെന്നും അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൊവാഡ് ലാമിനു നേരെ ആക്രമണം നടന്നത്. ചൈനീസ് ഏജന്റുമാരാണ് ആക്രമണം നടത്തിയതെന്നു ഹൊവാഡ് ലാം ആരോപിച്ചു.

സ്റ്റേപ്പിൾ ആക്രമണം നടന്നത് ഇങ്ങനെ:

ജയിലിൽ കഴിഞ്ഞിരുന്ന ചൈനീസ് 'വിമതനും' നൊബേൽ സമാധാന പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു സിയാവോബോയ്ക്കു (61) നൽകാനാണു ഹൊവാഡ് ലാം മെസിയുടെ ചിത്രം ആവശ്യപ്പെട്ടത്. മെസിയോടും അദ്ദേഹത്തിന്റെ ടീമായ ബാർസിലോണയോടും വലിയ ആരാധനയാണ് ലിയു സിയാവോബോയ്ക്ക്. ജയിലിലുള്ള സിയാവോബോയ്ക്ക് മെസിയുടെ ചിത്രം കിട്ടിയാൽ വലിയ ആവേശമാകുമെന്ന് അറിഞ്ഞാണു താരത്തിന്റെ കയ്യൊപ്പിട്ട ചിത്രം ആവശ്യപ്പെട്ട് ജൂലായ് ആദ്യം ഹൊവാഡ് ലാം ബാർസിലോണയ്ക്ക് കത്തയച്ചത്.

Hong Kong Activist ഹൊവാഡ് ലാം തന്റെ ശരീരത്തിലെ സ്റ്റേപ്പിൾ പിന്നുകൾ വാർത്താസമ്മേളനത്തിൽ‌ മാധ്യമപ്രവർത്തകരെ കാണിച്ചപ്പോൾ. ചിത്രം: സൗത്ത് ചൈന മോണിങ് പോസ്റ്റ്

എന്നാൽ, കരളിന് അർബുദം ബാധിച്ച് ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലിയു സിയാവോബോ ജൂലായ് 13ന് അന്തരിച്ചു. ഇതിനുശേഷമാണു മെസിയുടെ ചിത്രം ഹൊവാഡ് ലാമിനു ലഭിച്ചത്. തുടർന്ന് ലിയു സിയാവോബോയുടെ വിധവ ലിയു സിയയ്ക്കു ഈ ചിത്രം നൽകാൻ ഹൊവാഡ് ലാം തീരുമാനിച്ചു. സിയാവോബോയുടെ മരണശേഷം വീട്ടുതടങ്കലിലാണു ലിയു സിയ.

ഈയാഴ്ച ആദ്യമാണു നാടകീയ സംഭവങ്ങൾക്കു തുടക്കമായത്. ചൈനീസ് ഭാഷയിൽ ഒരാൾ ഫോണിൽ വിളിച്ച് ലിയു സിയയ്ക്ക് മെസിയുടെ ചിത്രം നൽകരുതെന്നു ഹൊവാഡ് ലാമിനോട് ആവശ്യപ്പെട്ടു. യുഎസിലേക്ക് പോകാനുള്ള ഷോപ്പിങ്ങിനായി മോങ്കോക്ക് ജില്ലയിലാണു താനുള്ളതെന്നു ലാം മറുപടി പറഞ്ഞു. ഉടൻ അവിടെയെത്തിയ രണ്ടുപേർ 'നമുക്ക് ചിലത് സംസാരിക്കാനുണ്ട്' എന്നുപറഞ്ഞ് ലാമിനെ ബലമായി വാനിലേക്കു കയറ്റി. മർദ്ദിച്ച് ഫോൺ കൈക്കലാക്കിയശേഷം എന്തോ മണപ്പിച്ചു ബോധം കെടുത്തിയതായും ലാം പറഞ്ഞു.

ബോധമുണർന്നപ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. രണ്ടു പേർ ചോദ്യം ചെയ്യൽ ആരംഭിച്ചു. ലിയുവിനെക്കുറിച്ചായിരുന്നു അവർക്ക് കൂടുതൽ അറിയേണ്ടിയിരുന്നത്. 'പ്രശ്നങ്ങൾ ഉണ്ടാക്കരുത്' എന്നും അവർ ആവർത്തിച്ചു. ക്രിസ്ത്യാനിയാണോ എന്നുചോദിച്ചശേഷം 'കുറച്ച് കുരിശ് കൊടുക്കാം' എന്നുപറഞ്ഞ് അതിലൊരാൾ തന്റെ തുടകളിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റി. വേദനകൊണ്ട പുളഞ്ഞപ്പോൾ വീണ്ടും ബോധംകെടുത്തി. അടുത്തദിവസം രാവിലെ ഉണരുമ്പോൾ ആളില്ലാത്തൊരു ബീച്ചിലായിരുന്നു.– ഹൊവാഡ് ലാം മാധ്യമങ്ങളോടു പറഞ്ഞു.

'തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആക്രമവും വലിയ കുറ്റമാണ് ഹോങ്കോങ്ങിൽ. ചൈനയോടു ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം ആക്രമങ്ങൾ ചൈന അവസാനിപ്പിക്കണം, ആവർത്തിക്കരുത്. സംഭവത്തിൽ ഹോങ്കോങ്ങ് വിശദമായ അന്വേഷണം നടത്തണമെന്നും ലാമിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലാം ച്യൂക് ടിങ് ആവശ്യപ്പെട്ടു.

related stories