അതിരപ്പിള്ളി പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ കഴിയില്ല: എതിർപ്പുമായി വിഎസ്

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ സർക്കാരിനു സാധിക്കില്ലെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പദ്ധതി നടപ്പാക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്നു വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചതിനു പിന്നാലെയാണ് വിഎസ് തന്റെ എതിർപ്പ് വീണ്ടും പരസ്യമാക്കിയത്. വാർ‌ത്താക്കുറിപ്പിലായിരുന്നു വിഎസിന്റെ വിശദീകരണം.

സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നു വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചതാണ്. എൽഡിഎഫിലെ ഘടകക്ഷികളും പദ്ധതിക്കനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നാണു മനസിലാക്കുന്നത്. ഈ സഹചര്യത്തിൽ പദ്ധതി ആരംഭിച്ചു എന്ന മട്ടിൽ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണം. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും വിഎസ് പറഞ്ഞു.

പ്രതിപക്ഷത്തെയാണ് വാർത്താക്കുറിപ്പിൽ അഭിസംബോധന ചെയ്യുന്നതെങ്കിലും പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നഷ്ടപ്പെടാതിരിക്കാൻ സർക്കാർ നടത്തിയ നീക്കത്തിലുള്ള അതൃപ്തി തന്നെയാണ് വിഎസ് പ്രകടമാക്കിയിരിക്കുന്നത്. പാരിസ്ഥിതികാനുമതിയുെട കാലാവധി അവസാനിക്കുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു കെഎസ്ഇബി വനാതിർത്തിയോടു ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.