ഗുവാമിൽ മിസൈലാക്രമണത്തിന് തയാറായിരിക്കാൻ സൈന്യത്തോട് കിം ജോങ് ഉൻ

പോങ്യാങ്∙ പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തരകൊറിയയെന്ന് റിപ്പോർട്ട്. സൈന്യത്തോട് ആക്രമണത്തിനു തയാറെടുക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെ കുറിച്ച് കിം ജോങ് ഉൻ വിശദമായ ചര്‍ച്ച നടത്തി. ഏതുസമയവും ആക്രമണമുണ്ടായേക്കാമെന്നാണ് ലഭ്യമായ സൂചനകൾ.

ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാൻ നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നത്. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു യുഎസ് പ്രതികരിച്ചു. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യുഎസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടുവന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാൽ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഉന്നിന്റെ 'ഓപ്പറേഷൻ ഗുവാം' പദ്ധതി

നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 30–40 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു ഉത്തര കൊറിയയുടെ പദ്ധതി. ഹ്വാസോങ്–12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുടെ മുകളിലൂടെയുമാണ്. ഗുവാം തരിപ്പണമാകുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

1898-ലെ സ്പാനിഷ്-യുഎസ് യുദ്ധം മുതല്‍ യുഎസ് അധീനതയിലുള്ള ദ്വീപാണ് ഗുവാം. അമേരിക്കന്‍ നികുതി അടയ്ക്കുകയോ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും ജന്മനാ യുഎസ് പൗരന്മാരാണ് ഗുവാം സ്വദേശികള്‍. അതിനാൽ ഗുവാമിനെ ആക്രമിക്കുന്നത് യുഎസിനെതിരായ യുദ്ധം തന്നെയാണെന്നു കിം ജോങ് ഉൻ കണക്കുകൂട്ടുന്നു.

കിമ്മിനെ ഞെട്ടിക്കാൻ 'കുഞ്ഞു ഗുവാം'

പസഫിക് സമുദ്രത്തിലെ അതീവ സുന്ദരമായ ദ്വീപാണ് ഗുവാം. ഉത്തര കൊറിയയുടെ ആക്രമണസാധ്യത മുന്നിൽ കണ്ട് ഗുവാം എല്ലാം തയാറെടുപ്പും നടത്തി. 1.63 ലക്ഷം ജനങ്ങളാണു ദ്വീപിലുള്ളത്. ആക്രമണമുണ്ടായാൽ എങ്ങനെ ഒളിക്കണം, ആണവവികിരണത്തെ എങ്ങനെ നേരിടാം എന്നിവ സംബന്ധിച്ച് പ്രാദേശിക സർക്കാർ ജനങ്ങൾക്കു നിർദേശങ്ങൾ നൽകി. ഉത്തര കൊറിയ മിസൈൽ തൊടുത്താൽ മിനിറ്റുകൾക്കുള്ളിൽ ഗുവാമിൽ വന്നു പതിക്കും. എന്നാൽ, ഭീഷണികൾക്കു മുൻപിലും ആഘോഷങ്ങൾക്കു മുടക്കമൊന്നും വരുത്തിയിട്ടില്ല ഗുവാം ജനത. ബീച്ചുകളിലും മറ്റും പതിവുപോലെ ആൾത്തിരക്കുണ്ട്. ഉത്തരകൊറിയയുടെ ആക്രമണ ഭീഷണി പുറത്തുവന്നപ്പോൾ ഗുവാമിലെ യുഎസ് സൈനിക മേധാവി പറഞ്ഞത്, നിങ്ങൾ ബീച്ച് ആസ്വദിക്കൂ എന്നാണ്.

യുഎസ് നാവികസേനാ താവളവും ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവുമാണ് 544 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലുള്ളത്. ബി-1ബി ലാന്‍സര്‍ ബോംബറുകളും ആണവ ആക്രമണശേഷിയുള്ള അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും 7500 ടണ്‍ സ്‌ഫോകവസ്തുക്കളും വെടിക്കോപ്പുകളുമാണ് ഗുവാമിലെ സൈനിക കേന്ദ്രത്തില്‍ യുഎസ് സജ്ജമാക്കിയിരിക്കുന്നത്. ബി52 ബോംബറുകളും എഫ്22, എഫ്35, ബി2 സ്‌റ്റെല്‍ത്ത് ബോംബറുകളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഏഴായിരത്തോളം അമേരിക്കന്‍ സൈനികരാണ് സന്നദ്ധരായിട്ടുള്ളത്.

ഗുവാമിലെ അപ്ര തുറമുഖത്താണ് രണ്ട് എസ്എസ്എന്‍–688 അന്തര്‍വാഹിനികളും ഇവയുടെ വിതരണ കപ്പലായ യുഎസ്എസ് എമോറി എസ് ലാന്‍ഡും നങ്കൂരമിട്ടിരിക്കുന്നത്. ആണവപോര്‍മുനകള്‍ ഘടിപ്പിച്ച ടോമഹാക്ക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന 12 വെര്‍ടിക്കല്‍ ലോഞ്ച് സിസ്റ്റം ട്യൂബുകളാണ് അന്തര്‍വാഹിനിയിലുള്ളത്. നേവല്‍ സ്‌പെഷല്‍ വാര്‍ഫെയര്‍ യൂണിറ്റിന്റെയും സബ്മറൈന്‍ സ്‌ക്വാര്‍ഡന്‍-15ന്റെയും ആസ്ഥാനമാണ് അപ്ര തുറമുഖം. ഇവിടെനിന്നു മുപ്പതു മൈല്‍ അകലെ പടിഞ്ഞാറന്‍ മുനമ്പിലാണ് ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളം. ആണവപോര്‍മുന ഘടിപ്പിക്കാന്‍ കഴിയുന്ന 250 മില്യണ്‍ പൗണ്ട് വിലവരുന്ന ആറ് ബി-1ബി ലാന്‍സര്‍ ബോംബറുകളാണ് ഇവിടെയുള്ളത്.