വെള്ളച്ചാട്ടത്തിന്‍റെ ഭംഗി കളയാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കില്ല. പദ്ധതിയിൽ എല്ലാവരുമായും സമവായത്തിനാണു ശ്രമിക്കുന്നത്. വെള്ളച്ചാട്ടത്തിന്‍റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നേരത്തേ അറിയിച്ചിരുന്നു. ഇതോടെ കുറച്ചുകാലം ചർച്ചകളിലില്ലാതെയിരുന്ന അതിരപ്പിള്ളി പദ്ധതി വീണ്ടും സജീവമായി. പദ്ധതിയെ എതിർത്തിരുന്ന പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും അനുകൂലസ്വരങ്ങളുണ്ടായി. സമവായത്തിലൂടെ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിലപാടെടുത്തു. ഉമ്മൻചാണ്ടിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് എം.എം.മണിയും പ്രതികരിച്ചു. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും എം.എം.മണി പറഞ്ഞു.

അതേസമയം, അതിരപ്പള്ളി പദ്ധതിയിൽ സിപിഐക്ക് എല്ലാ കാലത്തും ഒരേ സമീപനമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പദ്ധതി നിർമാണം തുടങ്ങാൻ പോകുന്നു എന്ന് 1980 മുതൽ കേൾക്കാൻ തുടങ്ങിയതാണ്. ഒന്നും സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പദ്ധതിയെച്ചൊല്ലി വിവാദങ്ങൾ മുറുകവെ വൈദ്യുതി ബോർഡ് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി മുന്നോട്ടുപോകുകയാണ്.

നിശ്ചിത സമയ പരിധിക്കുള്ളിൽ പദ്ധതിയുടെ നിർമാണം തുടങ്ങിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇനി പരിസ്ഥിതി അനുമതിയുടെ ആവശ്യമില്ല. സംസ്ഥാനത്ത് ജലവൈദ്യുതി ഉൽപാദനം ആകെ ഉപയോഗത്തിന്റെ 15% ആയി കുറഞ്ഞ സാഹചര്യത്തി‍ൽ കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ആവശ്യമാണെന്ന നിലപാടിലാണു ബോർഡ്. 163 മെഗാവാട്ട് ആണ് അതിരപ്പിള്ളിയിൽ ഉൽപാദിപ്പിക്കുക. അവിടെ വനം വകുപ്പിന്റെ അനുമതിക്കുള്ള പണം വൈദ്യുതി ബോർഡ് അടച്ചിട്ടുണ്ട്.