സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്; ബാര്‍സിലോനയെ രണ്ട് ഗോളിന് തകർത്തു

സാന്തിയാഗോ ∙ സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. ഹോംഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന രണ്ടാം പാദ ഫൈനലില്‍ ചിരവൈരികളായ ബാര്‍സിലോനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ കപ്പുയര്‍ത്തിയത്. 

ബാര്‍സ തിരിച്ചുവരുമെന്നായാരിുന്നു ഏല്ലാവരുടെയും പ്രതീക്ഷ. കളത്തില്‍ റൊണാള്‍ഡോ ഇല്ല എന്നതും പ്രതീക്ഷകള്‍ കൂട്ടി. പക്ഷേ അതിനെല്ലാം നാലാം മിനിട്ട് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. തകര്‍ത്തു കളിച്ചു റയല്‍. മുപ്പത്തിരണ്ടാം മിനിട്ടില്‍ ഗോളുറപ്പിച്ച ഒരു ഷോട്ട് ബാര്‍സയുടെ പോസ്റ്റില്‍ തട്ടി മടങ്ങി. ഏറെ വൈകാതെ ബാര്‍സയുടെ മുറിവ് ആഴത്തിലാക്കി കരീം ബെന്‍സേമയുടെ വക ഗോള്‍. 

ഇന്നലെ ഫുട്ബോളിന്റെ മിശിഹായ്ക്ക് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം പകുതിയില്‍ പന്തു കിട്ടിയിട്ടും ലക്ഷ്യത്തിലെത്തിക്കാന്‍ മറന്നപോലായിരുന്നു ബാര്‍സ താരങ്ങള്‍. ഭാഗ്യം കൊണ്ട് മാത്രം ബാര്‍സയുടെ വലയില്‍ വീണ്ടും പന്തെത്തിയില്ല എന്ന് പറയാം. ഇരു പാദങ്ങളിലുമായി 5-1നാണ് റയലിന്റെ വിജയം. രണ്ടാംപാദ ഫൈനലിലെ ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു. റയലിനായി നാലാം മിനിട്ടില്‍ മാര്‍ക്കോ അസീന്‍സോയും മുപ്പത്തി ഒന്‍പതാം മിനിട്ടില്‍ കരീം ബെന്‍സേമയുമാണ് ഗോള്‍ നേടിയത്.