ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രവുമായി പുതിയ 50 രൂപ നോട്ട് വരുന്നു

മുംബൈ ∙ കർണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ആർ. ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസിൽ ഉൾപ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുകയെന്നും ആർബിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പുതിയ നോട്ടുകൾ വന്നാലും പഴയ നോട്ടുകൾ വിപണിയിൽ തുടരും. ഫ്ലൂറസെന്റ് നീലയാണ് നോട്ടിന്റെ അടിസ്ഥാന നിറം. 66 എംഎം 135 എംഎം വലുപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും ആർബിഐ അറിയിച്ചു.

2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ രാജ്യത്ത് നിലനിന്നിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. 2000 രൂപ നോട്ടുകൾ ചെറിയ തുകയുടെ ക്രയവിക്രയങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ പുതിയ 50 രൂപ നോട്ടുകൊണ്ട് സാധിക്കുമെന്നാണ് കരുതുന്നത്. ചെറിയ തുകയുടെ നോട്ടുകൾ ആർബിഐ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പ്രഖ്യാപനം.