ലയനചർച്ച തുടരുന്നു; രണ്ടു ദിവസത്തിനുള്ളിൽ ‘പോസിറ്റീവ് ഫല’മെന്ന് പനീർസെൽവം

ലയനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തന്റെ ഔദ്യോഗിക വസതിയിലേക്ക് വരുന്ന ഒ. പനീർസെൽവം.

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനചർച്ച സജീവമായി തുടരുന്നതായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം. ചർച്ചകൾ രണ്ടു ദിവസത്തിനുള്ളിൽ ഫലപ്രാപ്തിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. തനിക്കൊപ്പമുള്ള നേതാക്കളുമായി ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച മധുരയിൽ നടക്കുന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിൽ തനിക്കൊപ്പമുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം പനീർസെൽവം അറിയിക്കും.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും പനീർസെൽവ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രചാരണമുണ്ടായിരുന്നു. നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യത വർധിപ്പിച്ച് ജയലളിതയുടെ സ്മാരകത്തിൽ അപ്രതീക്ഷിത ഒരുക്കങ്ങളാണ് വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറിയത്. ചെന്നൈ മറീന ബീച്ചിലുള്ള സ്മാരകം പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പ്രവർത്തകർ ഇവിടേക്ക് എത്തുകയും ചെയ്തു. ഇതോടെ, ലയന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രചാരണമുണ്ടായി.

എന്നാൽ, വെള്ളിയാഴ്ച പനീർസെൽവത്തിന്റെ വസതിയിൽ നാലു മണിക്കൂറിലധികം നീണ്ട യോഗത്തിനുശേഷവും ലയനവുമായി ബന്ധപ്പെട്ട് തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടിൽ പനീർസെൽവം ക്യാംപ് ഉറച്ചു നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പനീർസെൽവത്തോട് ചോദിക്കണമെന്ന് ഒപിഎസ് ക്യാംപിലെ പി.എച്ച്. പാണ്ഡ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമങ്ങളെ കാണില്ലന്ന് രാത്രി ഒപിഎസ് ക്യാംപിലെ നേതാവ് അറിയിക്കുകയും ചെയ്തതോടെയാണ് രാഷ്ട്രീയ നാടകങ്ങൾ തുടർന്നത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും എംഎൽഎമാരും ജയയുടെ സ്മാരകത്തിലേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവിടെ വച്ച് ഇരുനേതാക്കളും സംയുക്തമായി ലയന പ്രഖ്യാപനം നടത്തുമെന്നാണ് കരുതിയത്. നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖർ പനീർസെൽവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയിൽ വച്ച് ചർച്ച നടത്തിയത്.