റായ്പുരിലും ‘ഗോരഖ്പുർ’; ഓക്സിജൻ കിട്ടാതെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു

Representational image

റായ്പുർ∙ രാജ്യം ഞെട്ടിയ യുപി ഗോരഖ്പുർ ദുരന്തത്തിന് സമാനമായ സംഭവം ഛത്തിസ്ഗഡിലും. ഓക്സിജൻ ലഭ്യമല്ലാതിരുന്നതിനെത്തുടർന്നു ഛത്തിസ്ഗഡ് റായ്പുരിലെ സർക്കാർ ആശുപത്രിയിൽ മൂന്നു കുഞ്ഞുങ്ങൾ മരിച്ചു. 30 മിനിറ്റോളമാണ് ഓക്സിജൻ വിതരണം നിലച്ചത്. ഡോ. ഭീംറാവു അംബേദ്കർ ആശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അലംഭാവം. ആശുപത്രിയിലെ അറ്റൻഡറെ ബലിയാടാക്കി അധികൃതർ കയ്യൊഴിഞ്ഞു. സസ്പെൻഡ് ചെയപ്പെട്ട അറ്റൻഡറെ പിന്നീട് അറസ്റ്റ് ചെയ്തു. അറ്റൻഡർ മദ്യപിച്ചു മയങ്ങിപ്പോയതിനാൽ ഓക്സിജൻ വിതരണ സംവിധാനത്തിലെ പിഴവ് കണ്ടെത്താനായില്ലെന്നാണു റിപ്പോർട്ട്.

ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്ററിൽ കഴിയുന്ന 10 കുട്ടികൾക്കുള്ള ഓക്സിജൻ വിതരണമാണു തടസ്സപ്പെട്ടത്. ഇതിൽ അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്നു കുട്ടികളാണു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30നും ഒന്നരയ്ക്കും ഇടയിലായിരുന്നു ഓക്സിജൻ വിതരണം നിലച്ചത്. ഓക്സിജൻ വിതരണത്തിന്റെ അപാകത മനസ്സിലാക്കി മറ്റു ജീവനക്കാരെത്തി ക്രമപ്പെടുത്തിയാണ് ബാക്കിയുള്ള കുട്ടികളെ രക്ഷിച്ചത്. യുപിയിലെ ഗോരഖ്പുരിൽ ഓക്സിജൻ വിതരണം നിലച്ചു കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവത്തിനു പിന്നാലെയാണു ഛത്തിസ്ഗഡിലെ സംഭവവും പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.