വിധി സാങ്കേതികം; ലാവ്‌ലിനിൽ ഉത്തരവാദിത്തം പിണറായിക്കുതന്നെ: കുമ്മനം

തിരുവനന്തപുരം ∙ ലാവ്‌ലിൻ കേസിൽ അഴിമതി നടന്നതായി ഹൈക്കോടതി കണ്ടെത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ അത് ഉദ്യോഗസ്ഥർ മാത്രം ചെയ്ത അഴിമതിയായി കാണാനാവില്ല. അഴിമതിക്കേസുകളിൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സാങ്കേതികം മാത്രമാണ്. ധാർമ്മികമായ ഉത്തരവാദിത്തം അന്നത്തെ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനുള്ളതാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ലാവ‌്‌ലിൻ ഇടപാടിലെ അഴിമതി സംബന്ധിച്ച് കോടതിയിൽ വാദം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായിയെ വെറുതെ വിട്ട കീഴ്ക്കോടതി നടപടി മാത്രമാണ് ഹൈക്കോടതി പരിശോധിച്ചത്. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കിയുള്ള വിശദമായ വാദം നടന്നിട്ടില്ല. അതിനാൽ സിബിഐ അപ്പീൽ നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേസ് പ്രാഥമിക ഘട്ടത്തിൽ തന്നെ അട്ടിമറിച്ച കോൺഗ്രസ് സർക്കാരാണ് പിണറായിയെ രക്ഷപ്പെടാൻ അനുവദിച്ചതെന്നും കുമ്മനം ആരോപിച്ചു. വൈദ്യുത മന്ത്രിമാരായിരുന്ന ജി. കാർത്തികേയനെയും കടവൂർ ശിവദാസനേയും രക്ഷിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങളാണ് പിണറായിക്കും തുണയായത്. ഇപ്പോൾ ഹൈക്കോടതിയെ പ്രകീർത്തിക്കുന്ന സിപിഎം, ലാവ്‌ലിൻ കേസ് സിബിഐ അന്വേഷണത്തിന് വിട്ട ജസ്റ്റിസ് വി.കെ. ബാലിയോട് സ്വീകരിച്ച നിലപാട് എന്താണെന്ന് കേരളം കണ്ടതാണെന്നും കുമ്മനം പറഞ്ഞു.