Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവ്‌ലിൻ കേസ്: പിണറായിക്കെതിരെ തെളിവില്ല, ഹൈക്കോടതിയും കുറ്റവിമുക്തനാക്കി

 Pinarayi Vijayan

കൊച്ചി ∙ ലാവ‌്‌ലിൻ കേസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി വിജയൻ ലാവ്‌ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിൻ കേസ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്.

ലാവ്‌ലിൻ കേസ് വിധി: പൂർണരൂപം

പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. 123 പേജുകളുള്ള വിധി മുഴുവൻ വായിച്ചു തീരാതെ വാർത്ത നൽകരുതെന്ന് വിധി പ്രസ്താവത്തിനു മുൻപ് ജഡ്ജി മാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. വിധി പറയാൻ മാറ്റിയശേഷം ഊമക്കത്തുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്താണ് ലാവ്‌ലിൻ കേസ്?

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

ഹൈക്കോടതിയിൽ സിബിഐയുടെ വാദമുഖങ്ങൾ

വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനിൽക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്‌ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

കുറ്റപത്രം നൽകുന്ന വേളയിൽ, മുന്നോട്ടുള്ള നടപടിക്കു വേണ്ട തെളിവുണ്ടോ എന്നു മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നും അതു ചെയ്യാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി നടപടി തെറ്റാണെന്നും സിബിഐക്കു വേണ്ടി അഡീ. സോളിസിറ്റർ ജനറൽ വാദിച്ചു.

കുറ്റപത്രം തള്ളി പിണറായിക്കായി വാദം

എന്നാൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

മറ്റു വാദമുഖങ്ങൾ:

∙ ലാവ്‌ലിൻ കേസിൽ സിബിഐയുടെ കുറ്റപത്രം ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞതും അബദ്ധങ്ങൾ നിറഞ്ഞതുമാണ്.
∙ ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്ക് ക്രമക്കേടില്ല, അതിനാൽ അഴിമതി നിരോധന നിയമം ബാധകമാവില്ല.
∙ പിണറായി വിജയൻ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപണമില്ല
∙ സിബിഐ പറയുന്നതാണു കേസ് എങ്കിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒന്നാംപ്രതിയായേനെ.
∙ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചതാണ്. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ല. തോന്നുംപടി ചിലരെ മാത്രം ഉൾപ്പെടുത്തി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.