ലാവ്‌ലിൻ കേസ് തിരിച്ചടിച്ച ആഘാതത്തിൽ സിബിഐ; മിന്നൽപ്പിണറായി വിജയൻ

കോട്ടയം ∙ ലാവ്‍ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവച്ച ഹൈക്കോടതി, സിബിഐക്കെതിരെ നടത്തിയത് രൂക്ഷ വിമർശനം. പിണറായി വിജയനെ തിരഞ്ഞുപിടിച്ച് കേസിൽ പ്രതി ചേർക്കാൻ സിബിഐ ശ്രമിച്ചുവെന്നതാണ് ഗുരുതര പരാമർശം. ലാവ്‌ലിൻ ഇടപാടുമായി ബന്ധമുള്ള മറ്റു വൈദ്യുതി വകുപ്പ് മന്ത്രിമാരെ ഒഴിവാക്കിയ സിബിഐ, പിണറായി വിജയനെ മാത്രം എന്തിനു പ്രതിയാക്കിയെന്ന സുപ്രധാന ചോദ്യമാണ് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.ഉബൈദ് ഉന്നയിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പിണറായിയെ ബലിയാടാക്കിയ സിബിഐ, അദ്ദേഹത്തെ മാത്രം വേട്ടയാടിയതിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന നിർണായക നിരീക്ഷണവും ഹൈക്കോടതി നടത്തി. കെഎസ്ഇബി ആസൂത്രണം ചെയ്ത പദ്ധതിയാണ് ലാവ്‍ലിൻ. അത് നടപ്പാക്കുകയാണ് ഒന്ന്, ഏഴ്, എട്ട് പ്രതികൾ ചെയ്തത്. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച സന്ദർഭത്തിൽ എന്തെങ്കിലും വിവരം പിണറായി വിജയൻ മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വളരെ കുറഞ്ഞകാലം മാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയന് ഇത്ര വലിയൊരു പദ്ധതിയിൽ ആസൂത്രണം നടത്താൻ സമയം ലഭിച്ചുവെന്ന് കരുതാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിണറായിക്കു ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാൻസർ സെന്ററിന് സഹായം തേടി കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി വിജയൻ മാത്രം പ്രതിപ്പട്ടികയിൽ വന്നതിലെ രാഷ്ട്രീയമാണ് സിബിഐയെ സംശയനിഴലിൽ നിർത്താൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്.

അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ അംഗീകരിച്ചതാണ്. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ല. തോന്നുംപടി ചിലരെ മാത്രം ഉൾപ്പെടുത്തി – പിണറായിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ വാദവും ഹൈക്കോടതി മുഖവിലയ്ക്കെടുത്തെന്ന് വ്യക്തം.

വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനിൽക്കില്ലെന്നുമായിരുന്നു സിബിഐയുടെ വാദം. ലാവ്‌ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണ്. കുറ്റപത്രം നൽകുന്ന വേളയിൽ, മുന്നോട്ടുള്ള നടപടിക്കു വേണ്ട തെളിവുണ്ടോ എന്നു മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നും അതു ചെയ്യാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി നടപടി തെറ്റാണെന്നും സിബിഐക്കു വേണ്ടി അഡീ. സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. എന്നാൽ, പിണറായിയെ മാത്രം കുറ്റക്കാരനാക്കാൻ സിബിഐ കാട്ടിയ ശുഷ്കാന്തിയെ സംശയിച്ച ഹൈക്കോടതി, ഈ വാദങ്ങളൊന്നും മുഖവിലയ്ക്കെടുത്തുമില്ല.

ലാവ്‌ലിൻ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച റിവിഷൻ ഹർജി ഭാഗികമായി അംഗീകരിച്ചു എന്നതു മാത്രമാണ് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിക്ക് അഭിമാനിക്കാനുള്ളത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിൻ കേസ് തുടരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കെ.ജി. രാജശേഖരൻ, ആർ.ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നീ പ്രതികൾ വിചാരണ നേരിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്താണ് ലാവ്‌ലിൻ കേസ്?

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.