സ്വാശ്രയക്കേസ്: ഹൈക്കോടതി പരാമര്‍ശം സർക്കാരിനേറ്റ കനത്തപ്രഹരം; ചെന്നിത്തല

തിരുവനന്തപുരം∙ സ്വാശ്രയക്കേസിലെ ഹൈക്കോടതി പരാമര്‍ശം സർക്കാരിനേറ്റ കനത്തപ്രഹരമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്യൂണിസ്റ്റ് സര്‍ക്കാരിനു ഫ്യൂഡല്‍ മനോഭാവമെന്നു കോടതിക്കു പറയേണ്ടിവന്നു. എന്നിട്ടും അനുകൂലമാണു കോടതിയെന്നു പറഞ്ഞു നടക്കുകയാണു സർക്കാർ. കുറ്റവാളിയായി ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന സാഹചര്യമാണു സർക്കാരിനെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ, മന്ത്രി കെ.കെ.ശൈലജയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍നിന്നു പുറത്തിറങ്ങിയ ഉടനെയാണു പത്തോളം വരുന്ന കെഎസ്‍യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എത്തിയത്. അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സ്വാശ്രയ വിഷയത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടന അറിയിച്ചു.