sections
MORE

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന പിണറായിക്ക് എന്തിനിത്ര സുരക്ഷയെന്ന് രമേശ്

ramesh-chennithala
SHARE

തിരുവനന്തപുരം∙ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന പിണറായി വിജയന് 28 സുരക്ഷാ വാഹനങ്ങളുടെ അകമ്പടി എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു സുരക്ഷ വേണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഇതിനൊക്കെ ഒരു മര്യാദ വേണ്ടേ. പിണറായിയെ ആര് എന്തു ചെയ്യാനാണെന്നും രമേശ് ചോദിച്ചു. പ്രളയാനന്തര ഭരണസ്തംഭനം, വിശ്വാസികളെ സർക്കാർ വഞ്ചിച്ചു തുടങ്ങിയവ ഉന്നയിച്ചു യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി മന്ത്രിസഭയിൽ നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ലെന്നു രമേശ് പറഞ്ഞു. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാക്കുമെന്നു പറഞ്ഞിട്ടു ശരിയായതു സിപിഎം മാത്രം. മന്ത്രിമാർ സുഖലോലുപതയിൽ കഴിയുമ്പോൾ ജനം പട്ടിണിയിലും ദുരിതത്തിലുമാണ്. നവകേരളം വാഗ്ദാനം ചെയ്തവർ ഒരു ജനതയെയാകെ അനാഥരാക്കി. പ്രളയബാധിതർക്കു സർക്കാർ ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും കൊടുത്തു തീർത്തില്ല. അധികാരത്തിൽ വന്ന് ആയിരം ദിവസത്തിനിടെ ഏതെങ്കിലും പദ്ധതിക്കു തറക്കല്ലിടാൻ കഴിഞ്ഞോ? അടുത്ത തിരഞ്ഞെടുപ്പിൽ ആണുങ്ങൾ വന്നു വികസനമെത്തിച്ചോളും.

arrest
പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനയ്ക്കുമെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

കള്ളനായ പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. വാഗ്ദാനലംഘനം നടത്തി ഇന്ത്യൻ ജനതയെ ഇത്രയേറെ കബളിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയുമില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്ന ദൗത്യമാണു ജനങ്ങൾക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

മറ്റു ജില്ലകളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കലക്ടറേറ്റുകൾ ഉപരോധിച്ചു. കൊല്ലത്ത് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി, പത്തനംതിട്ടയിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ആലപ്പുഴയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എറണാകുളത്ത് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ഇടുക്കിയിൽ അനൂപ് ജേക്കബ് എംഎൽഎ, തൃശൂരിൽ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ, പാലക്കാട് മുസ്‍‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ.മുനീർ, വയനാട്ടിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മലപ്പുറത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കണ്ണൂരിൽ കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, കാസർകോട്ട് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എന്നിവരായിരുന്നു ഉദ്ഘാടകർ.

കോട്ടയത്തെ കലക്ടറേറ്റ് ധർണ 22 ന് നടന്നു. ഉപരോധ കേന്ദ്രങ്ങളിലെല്ലാം രാവിലെ അഞ്ചു മുതൽ പ്രവർത്തകർ ആവേശത്തോടെ എത്തി. പ്രതിഷേധക്കാർ ഇരമ്പിയെത്തിയപ്പോൾ സെക്രട്ടേറിയറ്റും ജില്ലാ കേന്ദ്രങ്ങളും സ്തംഭിച്ചു. ഉച്ചവരെ സമരം തുടർന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനുപേർ അറസ്റ്റ് വരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA