ലാവ്‍ലിൻ: കസ്തൂരിരംഗ അയ്യർ പറഞ്ഞു: എന്റെ പിഴ! ഞാൻ വെറും സാക്ഷി: രാജശേഖരൻ

തിരുവനന്തപുരം∙ ‘‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’’– ലാവ്‌ലിൻ കേസിനെക്കുറിച്ചു ചോദിച്ചപ്പോൾ പ്രായത്തിന്റെ അവശതയിൽ, വിറയ്ക്കുന്ന ശബ്ദത്തിൽ കസ്തൂരിരംഗ അയ്യർ പറഞ്ഞു. കേസിൽ ശേഷിക്കുന്ന മൂന്നു പ്രതികളിൽ ഒരാളാണ് ഈ എഴുപത്തേഴുകാരൻ. വൈദ്യുതി ബോർഡിലെ മുൻ ചീഫ് എൻജിനീയർ.

കരമനയിലെ നാഗമയ്യ സ്ട്രീറ്റിൽ മകൾക്കൊപ്പം താമസിക്കുന്ന അദ്ദേഹത്തെ തേടിയെത്തിയപ്പോൾ ഉച്ചയുറക്കത്തിലായിരുന്നു. എങ്കിലും പുറത്തേക്കു വന്നു. വർഷങ്ങൾക്കു മുൻപുണ്ടായ വീഴ്ചയെ തുടർന്നു നട്ടെല്ലിൽ പ്ലേറ്റ് ഇട്ടിരിക്കുന്നതിനാൽ അധികസമയം ഇരിക്കാനാവില്ല. ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരണം– ‘നോ കമന്റ്സ്’. വിഷമമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നു മറുപടി പറഞ്ഞുവെങ്കിലും, ജീവിത സായാഹ്നത്തിൽ നേരിടേണ്ടി വന്ന പ്രയാസം മുഖത്തു വായിച്ചെടുക്കാമായിരുന്നു. കേസ് നടത്തിപ്പിന്റെ സാമ്പത്തികബാധ്യത പ്രശ്നമല്ലെന്നും മൂന്നു പെൺമക്കളിൽ രണ്ടു പേർ ഡോക്ടർമാരും ഒരാൾ എൻജിനീയറും ആണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നാണു ക്രിസ്ത്യാനികൾ പാപങ്ങൾ ഏറ്റു പറയുമ്പോഴുള്ള ഒരുക്ക പ്രാർഥനയിൽ പറയുന്നതു പോലെ ‘‘എന്റെ പിഴ...’’ എന്ന് അദ്ദേഹം പറഞ്ഞത്. കൂടുതൽ ഒന്നും പറയാനില്ല. സന്തോഷമേയുള്ളൂ. ഇനി കൂടുതൽ സംസാരിച്ചാൽ എന്തെങ്കിലും പറഞ്ഞുപോകും. അതിനാൽ സംസാരിക്കുന്നില്ലെന്നും അദ്ദേഹം ഒഴിഞ്ഞു മാറി. ഭാര്യ അർബുദ രോഗിയാണ്. വീഴ്ചയെ തുടർന്നു ഭാര്യയ്ക്കും ശസ്ത്രക്രിയ വേണ്ടിവന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിൽ അച്ഛനു നല്ല വിഷമമുണ്ടെന്നു മകൾ ജ്യോതി രാമസ്വാമി പറഞ്ഞു.‘‘അച്ഛന്റെ പേരു ടിവിയിലും പത്രത്തിലും വരുന്നതു ഞങ്ങൾക്ക് അപമാനമായി തോന്നിയിട്ടില്ല.

അച്ഛനെക്കുറിച്ചു ഞങ്ങൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും നന്നായി അറിയാം. അങ്ങനെ നഷ്ടപ്പെടുന്നതല്ല അദ്ദേഹത്തിന്റെ പ്രതിച്ഛായ. പിന്നെ ഒരുപാടു മാനസിക സംഘർഷം അനുഭവിക്കാൻ അച്ഛനു യോഗമുണ്ടെന്നു കരുതി സഹിക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒഴിവാക്കാനാവാത്ത ബാധ്യതയായി മാത്രമേ ഇതിനെ കാണുന്നുള്ളൂ’’– ജ്യോതി പറഞ്ഞു.

ഹൈക്കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു പ്രതിസ്ഥാനത്തു തുടരുന്ന വൈദ്യുതി ബോർഡ് മുൻ അക്കൗണ്ട്സ് മെംബർ കെ.ജി.രാജശേഖരനും അറിയിച്ചു. ധാരണാപത്രം ഒപ്പുവച്ചതിൽ സാക്ഷി മാത്രമായിരുന്നു താൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തിനു വിധേയമായിരിക്കും ധാരണാപത്രം എന്ന് അതിൽ തന്റെ നിർദേശപ്രകാരമാണ് എഴുതിച്ചേർത്തത്. ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളും സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു. മന്ത്രിസഭയുടെ അംഗീകാരവുമുണ്ട്. പ്രതികളിൽ മൂന്നു പേർ മരിച്ചു. സാക്ഷികളിലും പലരും മരിച്ചു കഴിഞ്ഞു. കേസ് ഇനിയും വർഷങ്ങൾ നീളുന്ന ലക്ഷണം കാണുന്നതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും രാജശേഖരൻ വ്യക്തമാക്കി.