യുഎസ് ലക്ഷ്യമാക്കി ‘ഹാർവെ’; 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്

ഹാർവെ ചുഴലിക്കാറ്റിന്റെ സാറ്റലൈറ്റ് ചിത്രം.

സാൻ അന്റോണിയോ ∙ ഗൾഫ് ഓഫ് മെക്സിക്കോ ദ്വീപിനെ തകർത്തെറിഞ്ഞ് ഹാർവെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.

വ്യാഴാഴ്ച രാത്രി വൈകി ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെയാണ് നാശനഷ്ടമുണ്ടാക്കിത്തുടങ്ങിയത്. കാറ്റിന്റെ ശക്തിയിൽ തിരമാലകൾ 12 അടി വരെ ഉയർന്നു. വടക്കൻ മെക്സിക്കോയിലും ലൂസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ടെക്സസ് തീരത്തുള്ള സ്കൂളുകള്‍ക്ക് അവധി നൽകുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു. തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന എണ്ണക്കമ്പനികള്‍ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്.

കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹാർവെയെന്ന് യുഎസ് നാഷനൽ ഹരിക്കെയ്ൻ സെന്റർ അറിയിച്ചു. ലൂസിയാനയും ടെക്സസും ദുരന്ത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം കുറഞ്ഞതിനുശേഷം ടെക്സസ് ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കരുതുന്നത്. യുഎസിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഹൂസ്റ്റണിൽ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ടെക്സസിൽ മുന്നറിയിപ്പു നൽകി സ്ഥാപിച്ചിരിക്കുന്ന ബോർഡ്