അഴിമതി: സാംസങ് വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഞ്ചുവർഷം തടവ്

ലീ ജയ്–യോങ്ങിനെ കോടതിയിലേക്ക് എത്തിക്കുന്നു.

സോൾ∙ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഴിമതിക്കേസിൽ അഞ്ചു വർഷം തടവുശിക്ഷ. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണ് ശിക്ഷ. ആറു മാസത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് തടവു വിധിച്ചിരിക്കുന്നത്. പാർക് ഗ്യൂൻ ഹൈയും സുഹൃത്തും രൂപം നൽകിയ ഫൗണ്ടേഷനുകൾക്ക് വൻ തുക സംഭാവന നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാംസങാണ്; ഏകദേശം 114 കോടി രൂപ.

അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ലീ. കോടതി ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന് ലീയുടെ അഭിഭാഷകർ അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകും. ദക്ഷിണ കൊറിയൻ നിയമം അനുസരിച്ച് മൂന്നു വർഷത്തിൽ കൂടുതലുള്ള ശിക്ഷകൾ സസ്പെൻഡ് ചെയ്യാനാകില്ല. ദക്ഷിണ കൊറിയക്കാരനായ ഒരു ബിസിനസുകാരന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. സാംസങ് ഗ്രൂപ്പിലെ ഒരു മേധാവി അറസ്റ്റിലാവുന്നതും ഇതാദ്യമാണ്.