സംസ്ഥാനത്ത് സഖ്യത്തിലാകാൻ ജെഡിയു- ജെഡിഎസ്; ലയന തീരുമാനം ഉടൻ

കോഴിക്കോട്∙ ജനതാദൾ സെക്യുലറും ജെഡിയു കേരളഘടകവും ലയിക്കുന്നതിനുള്ള സാധ്യത സജീവമാകുന്നു. അടുത്ത സംസ്ഥാന കൗൺസിലിൽ ലയനകാര്യം തീരുമാനിക്കുമെന്നു ജെഡിയു നേതൃത്വം അറിയിച്ചു. എം.പി.വീരേന്ദ്രകുമാർ താൽപര്യമറിയിച്ചാൽ സ്വാഗതം ചെയ്യുമെന്നു കഴിഞ്ഞദിവസം ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു.

ജെഡിയു കേരളഘടകത്തിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണു ജനതാദൾ എസിലേയ്ക്കുള്ള ക്ഷണം. ലയനകാര്യത്തിൽ കേരളഘടകത്തിന് എതിർപ്പില്ലെന്നാണു ജെഡിയു നേതാക്കളുടെ പ്രതികരണം. ഇരുമുന്നണികളിലായുള്ള പാർട്ടികൾ യോജിക്കുന്നതിനു മുന്നോടിയായി ധാരണയുണ്ടാകണം. ഇതിനായി ലയനവിഷയം അടുത്ത സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്തു തീരുമാനിക്കും.  

ജെഡിയു കേരളഘടകത്തിന്റെ നിലപാടു തീരുമാനിക്കാൻ എം.പി.വീരേന്ദ്രകുമാർ അധ്യക്ഷനായ അഞ്ചംഗസമിതിയെ കഴി​ഞ്ഞ സംസ്ഥാന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു. സമിതി ഉടൻ ചേർന്ന് പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ ജെഡിയു കേരളഘടകത്തെ ഇടതുമുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണു മാതൃസംഘടനയിൽ നിന്നുള്ള വിളിയെത്തിയിരിക്കുന്നത്. 

ജെഡിയു കേരളഘടകം ജനതാദൾ എസിൽ ലയിച്ചാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ പാർട്ടിക്കു മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണു വിലയിരുത്തൽ.