പ്രവാസികളുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ലോക കേരളസഭ ജനുവരിയിൽ: മുഖ്യമന്ത്രി

കോഴിക്കോട്∙ പ്രവാസികൾക്കു കേരളത്തിന്റെ വികസനത്തിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള ലോക കേരള സഭ ജനുവരിയിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണം സംബന്ധിച്ച സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രതിനിധികളായിരിക്കും ലോക കേരള സഭയിൽ പങ്കെടുക്കുക. എന്നാൽ എല്ലാ പ്രവാസികൾക്കും ഓപ്പൺ സെഷനിൽ പങ്കെടുക്കാം.

ഇതു കൂടാതെ ലോക സാംസ്കാരികോൽസവം സംഘടിപ്പിക്കാനും സർക്കാരിന് ആലോചനയുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനായി സംരംഭങ്ങൾ ആരംഭിക്കുന്നതിനു ബാങ്കുകളിൽനിന്നു സഹായം ലഭ്യമാക്കും. 20 ലക്ഷം വരെയുള്ള മൂലധന വായ്പയ്ക്കു 15% സബ്സിഡി സർക്കാർ നൽകും. കൂടാതെ നാലു വർഷം തുടർച്ചയായി മുടങ്ങാതെ തിരിച്ചടയ്ക്കുന്നവർക്കു മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ബാങ്കുകളിൽ നിക്ഷേപങ്ങളിൽ വലിയൊരു ശതമാനവും പ്രവാസികളുടേതായതിനാൽ വായ്പയുടെ കാര്യത്തിൽ ബാങ്കുകൾ അനുഭാവപൂർവമായ നിലപാടു സ്വീകരിക്കണമെന്നാണു സർക്കാരിന്റെ അഭ്യർഥന. ബാങ്ക് പ്രതിനിധികളുമായി ഇക്കാര്യം സർക്കാർ ചർച്ച ചെയ്തു വരികയാണ്.

സംസ്ഥാനത്ത് അഗ്രോ പാർക്, ഇൻഡസ്ട്രിയൽ പാർക്, ഐടി പാർക്, കൾച്ചറൽ കോംപ്ലക്സുകൾ എന്നിവ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിലേക്കെല്ലാം നിക്ഷേപ സാധ്യതകളുണ്ട്. ഇതിനായാണു കിഫ്ബിയുടെ ശ്രമം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ‍ 50,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. പ്രവാസി സഹായ നിക്ഷേപ സമാഹരണ സെൽ ഉടൻ പ്രവർത്തനം ആരംഭിക്കും. നിക്ഷേപങ്ങൾക്കു സർക്കാർ ഗാരണ്ടി നൽകും.

സുരക്ഷിത വിദേശ ജോലി നേടുന്നതിനായി നോർക്ക റൂട്ട്സ് വിദേശ തൊഴിൽദാതാക്കളുമായി നേരിട്ടു കരാർ ഉണ്ടാക്കുന്നുണ്ട്. ഇതുവഴി ഇടനിലക്കാരിൽനിന്നുള്ള ചൂഷണവും ഒഴിവാക്കാൻ‍ കഴിയുമെന്നും ഭൂപരിഷ്കരണം കഴിഞ്ഞാൽ‍ സംസ്ഥാനത്തിന്റെ വികസനത്തിനു കാരണമായ ഘടകം പ്രവാസികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.