പ്രതികളെ പിടിക്കാതെ കൈക്കൂലി; ബ്ലേഡ് മാഫിയക്കു ഒത്താശയുമായി എഎസ്ഐ

നവാസും കുടുംബവും.

മലപ്പുറം ∙ യുവാവിന്റെ കൈ തല്ലിയൊടിച്ച പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന വാശിയില്‍ ഒരു എഎസ്ഐ. മലപ്പുറത്താണ് സംഭവം. ബ്ലേഡ് മാഫിയയുടെ മർദ്ദനത്തിന് ഇരയായ കപ്രക്കാടൻ നവാസ് എന്നയാളുടെ പരാതിയിലാണ് നടപടി സ്വീകരിക്കാതെ എഎസ്ഐ പ്രതികളെ സംരക്ഷിക്കുന്നത്. നടപടി ഉറപ്പു നൽകി നവാസിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐ, കേസ് ഒത്തുതീർപ്പാക്കണമന്ന് ആവശ്യപ്പെട്ട് നിലപാട് മാറ്റിയതായും ആക്ഷേപമുണ്ട്. ഈ നിര്‍ദേശം പാലിക്കാത്തതിന് എഎസ്ഐ പകപോക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു.

നടപടിയെടുക്കാൻ എഎസ്ഐ മടിക്കുന്നതു നിമിത്തം അക്രമം നടന്ന് ഇരുപതു ദിവസം കഴിഞ്ഞിട്ടും പ്രതി നാട്ടില്‍ വിലസുകയാണ്. ഇയാളെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. പരാതിക്കാരനായ കപ്രക്കാടൻ നവാസുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഫോൺ സംഭാഷണം മനോരമ ന്യൂസിനു ലഭിച്ചു. 

പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐയുടെ നിലപാട്. കേസ് ഒത്തുതീർപ്പാക്കണമെന്ന് താൻ പറഞ്ഞിട്ടും അനുസരിക്കാത്തതുകൊണ്ട് ഇനി കോടതിയിൽവച്ചു തീരട്ടെ എന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. നവാസിനോട് രണ്ടായിരം രൂപയും പിതാവ് അബ്ദുല്ലയോട് ആയിരം രൂപയും കൈക്കൂലിയും വാങ്ങുകയും ചെയ്തു. 

മൂന്നു ലക്ഷം രൂപക്ക് വട്ടിപ്പലിശയായി കഴിഞ്ഞ എട്ടു മാസമായി നവാസ് 14000 രൂപ വീതം നൽകുന്നുണ്ട്. വീടിന്റെ ആധാരം കൂടി നൽകാത്തതിന്റെ പേരിലായിരുന്നു ആക്രമണം. കയ്യിന്റെ അസ്ഥികൾ നുറുങ്ങി ഇംപ്ലാന്റ് ഇട്ട നിലയിലാണ്. കഴുത്തിലും പുറത്തുമെല്ലാം ഇരുമ്പുവടികൊണ്ട് മർദനമേറ്റ പാടുകളുണ്ട്. എന്നിട്ടും ഒരാഴ്ച കഴിഞ്ഞ് മെഡിക്കൽ കോളജിലെ ഡോക്ടർ പലവട്ടം ആവശ്യപ്പെട്ട ശേഷമാണ് മൊഴിയെടുക്കാൻ പോലും തയാറായത്.