Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് തമാശ വിഡിയോ; അപമാനിക്കാനല്ല: പൊട്ടിക്കരഞ്ഞ് ‘കിളിനക്കോട്ടെ പെൺകുട്ടി’

kilinakkode വിവാദമായ ‘കിളിനക്കോട് വിഡിയോ’യിൽ നിന്നുള്ള ദൃശ്യം.

മലപ്പുറം ∙ വിഡിയോയിലൂടെ നാടിനെ കുറ്റം പറഞ്ഞെന്ന പേരിൽ പെൺകുട്ടികൾക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവും തുടരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അക്രമണം രൂക്ഷമായതോടെ സത്യാവസ്ഥ വിശദീകരിച്ചു പെൺകുട്ടികളിലൊരാൾ രംഗത്തെത്തി. ഓഡിയോ ക്ലിപ്പിലൂടെ പൊട്ടിക്കരഞ്ഞാണു പെൺകുട്ടി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

മലപ്പുറം വേങ്ങരയ്ക്കടുത്തുള്ള കിളിനക്കോടിനെക്കുറിച്ചുള്ള വിഡിയോ പരാമർശമാണു വിവാദമായത്. ആണ്‍കുട്ടികളായ സഹപാഠികള്‍ക്കൊപ്പം സുഹൃത്തിന്റെ കല്യാണത്തിനെത്തി മടങ്ങവേ സെൽഫി എടുക്കാൻ ശ്രമിച്ച പെൺകുട്ടികളെ ചില യുവാക്കള്‍ തടഞ്ഞതാണു സംഭവങ്ങളുടെ തുടക്കം. ഇക്കാര്യം ഹാസ്യരൂപത്തിൽ പെണ്‍കുട്ടികള്‍ വീഡിയോയിലൂടെ പങ്കുവച്ചു. ഇനിയും നേരം വെളുക്കാത്ത നാടാണു കിളിനക്കോട് എന്നു വിഡിയോയിൽ‌ പറഞ്ഞതിനെതിരെ ഒരുപറ്റം യുവാക്കൾ രംഗത്തെത്തി. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

സംഭവം വിവാദമായതോടെ പെൺകുട്ടികൾ നാടിനെ അധിക്ഷേപിച്ചെന്നുകാണിച്ചു പരാതി നൽകിയെന്നും പെൺകുട്ടികൾ ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ ആണെന്നും ജനവികാരം ഇവരെ സ്റ്റേഷനിൽ എത്തിച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ യുവാക്കൾ പ്രചരിപ്പിച്ചു. സദാചാരവിരുദ്ധ കാര്യങ്ങൾ ചെയ്തതു തടഞ്ഞതിനാണു പെൺകുട്ടികൾ വിഡിയോ എടുത്തു പ്രതിരോധിച്ചത് എന്നു സൂചിപ്പിക്കുന്ന തലക്കെട്ടിലാണു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സൈബർ ആക്രമണമാണ് ഈ പോസ്റ്റുകൾക്ക് താഴെ നടക്കുന്നത്. പെൺകുട്ടികളുടെ പരാതിയിൽ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വാട്സാപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനും എതിരെ പെൺകുട്ടികൾ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഓഡിയോ സന്ദേശമെത്തിയത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ പെൺകുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പെൺകുട്ടികളുടെ നേരിട്ടുളള പരാതിയിൽ കുറ്റക്കാർക്കെതിരെ കേസ് എടുക്കുകയായിരുന്നുവെന്നും വേങ്ങര എസ്ഐ സംഗീത് പുനത്തിൽ പറഞ്ഞു. ആരും അവരെ വിളിച്ചു വരുത്തിയതല്ല രക്ഷിതാക്കൾക്കൊപ്പം അവർ നേരിട്ടു വന്നു പരാതി നൽകുകയായിരുന്നുവെന്നും എസ്ഐ പറഞ്ഞു.

പെൺകുട്ടിയുടെ വാക്കുകൾ:

നാട്ടുകാരെ അപമാനിക്കാൻ വേണ്ടിയല്ല ആ വിഡിയോ എടുത്തത്. വെറും തമാശയ്ക്കു വേണ്ടിയെടുത്ത വിഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകർക്കുന്ന അവസ്ഥയിലാണ്. പ്രചരിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ആ വിഡിയോയിലുള്ള ഒരാളാണു ഞാൻ. ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിനു വേണ്ടിയാണ് അവിടെ എത്തിയത്. 12 പെൺകുട്ടികളും 4 ആൺകുട്ടികളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പുതിയ പെണ്ണിന്റെ കൂടെനിന്നു ഞങ്ങൾ സെൽഫി എടുത്തു. 

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവിടെ എത്തിയത്. 2.05 ന് അവിടെനിന്നിറങ്ങി. ഞങ്ങൾ സെൽഫിയെടുക്കുന്നതും സംസാരിക്കുന്നതും ആളുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആൺകുട്ടികൾ ബൈക്കിൽ പോയപ്പോൾ ഞങ്ങൾ നടന്നാണു പോയത്. അവിടെ വാഹനസൗകര്യം കുറവായിരുന്നു. 2.45 ന് മാത്രമാണ് പിന്നെ ബസ് ഉണ്ടായിരുന്നത്.

ഞങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വ്യക്തി അവിടെയെത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. കല്യാണത്തിനു വന്നാൽ കല്യാണം കൂടി പോകണമെന്നു തുടങ്ങി മോശമായ പലതും പറഞ്ഞു. ഞങ്ങൾക്കു മോശം ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും അതിനെ ചോദ്യം ചെയ്തപ്പോഴാണു ഞങ്ങൾ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടതെന്നും ഇയാൾ പ്രചരിപ്പിക്കുകയാണ്.

2.45 ആയെങ്കിലും ബസ് വന്നില്ല. അപ്പോള്‍ ബസില്ലെന്നു ചിലര്‍ പറഞ്ഞു. ഇതോടെ നടക്കാൻ തുടങ്ങി. ഓട്ടോ കിട്ടിയില്ല. 3 കിലോമീറ്റർ നടന്നു. അയാള്‍ അപ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. അയാള്‍ ഞങ്ങളുടെ പുറകിൽനിന്നു വിഡിയോ എടുത്തു. നാട്ടിലെ ഗ്രൂപ്പുകളിലൊക്കെ എത്തിക്കുമെന്നു പറഞ്ഞാണു വിഡിയോ ചിത്രീകരിച്ചത്. ഇതോടെ ഞങ്ങൾ നടപ്പിനു വേഗം കൂട്ടി. ക്ലാസിൽനിന്നു കല്യാണം കൂടാൻ കഴിയാത്ത കുട്ടികളെ കാണിക്കാൻ വേണ്ടിയാണു ആ വിഡിയോ എടുത്തത്. ആ വിഡിയോ എങ്ങനെയോ ലീക്ക് ആയതാണ്. ഞങ്ങളുടെ ജീവിതമാണ് അതു നശിപ്പിക്കുന്നത്.  

ആ നാടിനെ അവഹേളിക്കാനോ നാടിനെ നന്നാക്കാനോ അല്ല വിഡിയോ ഇട്ടത്. ആ നാടിനെയോ നാട്ടുകാരെയോ അവഹേളിക്കുക ഞങ്ങളുടെ ലക്ഷ്യമല്ലായിരുന്നു. മനസ്സുകൊണ്ടു വിചാരിക്കാത്ത കാര്യമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകി.  അവിടെ വച്ച് ഞങ്ങളെ അപമാനിച്ചയാൾ മാപ്പ് പറയുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ആരും പങ്കുവയ്ക്കരുത്. നിങ്ങളുടെ ഫോണിൽനിന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യണം – പെൺകുട്ടി ഓഡിയോ സന്ദേശത്തിൽ പറയുന്നു.