Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിക്കും പിതാവിനും സഹോദരനും മർദനം: മദ്യപസംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ

arrest യുവതിയെയും പിതാവിനെയും സഹോദരനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ബാലകൃഷ്ണൻ , ജെനീഷ്, ജോഷി എന്നിവർ

പാലാ ∙  റോഡരികിൽ കാർ നിർത്തിയിറങ്ങിയ  യുവതിയെയും  പിതാവിനെയും  സഹോദരനെയും മർദിച്ച അച്ഛനും മകനും ഉൾപ്പെടെ  3 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. 

നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ബാലകൃഷ്‌ണൻ (78), മകൻ ജെനീഷ് (42), നെച്ചിപ്പുഴൂർ മാവേലിൽ ജോഷി (45) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ 15 ലേറെ പേർ ഉണ്ടായിരുന്നതായും ഇവർക്കായി  അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ജെനീഷ് കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിൽ ഡ്രൈവറും ജോഷി തൊടുപുഴ സെയിൽടാക്സ് ഓഫിസിലെ ജീവനക്കാരനുമാണ്. 

റാന്നി ഇടമൺ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു (50), മകൻ ജോർജി (17), മകൾ മേഘ (22) എന്നിവർക്കാണ് 8ന് രാത്രി  രാമപുരം-പാലാ റോഡിൽ വെള്ളപ്പുര ഭാഗത്തു വച്ചു മർദനമേറ്റത്. മുബൈയിൽ നഴ്‌സായ മേഘയെ നെടുമ്പാശേരിയിൽ നിന്നു  റാന്നിയിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു സജിയും മകൻ ജോർജിയും. യാത്രയ്ക്കിടെ അസ്വസ്ഥത തോന്നിയ മേഘയ്‌ക്കു ഛർദിക്കാനായി വാഹനം റോഡരികിൽ നിർത്തി.  പുറത്തിറങ്ങിയ മേഘയുടെ ഫോട്ടോ സമീപത്തെ വീട്ടിൽ നിന്നിറങ്ങിയ സംഘം മൊബൈലിൽ പകർത്തി. ഇതു ചോദ്യം ചെയ്‌ത സജിയെയും മകനെയും സംഘം അസഭ്യം വിളിക്കുകയും മർദിക്കുകയുമായിരുന്നു. ഇതിനിടെ മേഘയുടെ കൈയ്‌ക്കു പിടിക്കുകയും മർദിക്കുകയും ചെയ്തു.

ഇതുവഴി ബൈക്കിൽ വന്നവർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും മദ്യപ സംഘം മർദനം തുടർന്നു. പിന്നീട് ഇവർ  വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി സജി, ജോർജി, മേഘ എന്നിവരെ ആശുപത്രിയിൽ എത്തിച്ചത്. ഇടമൺ മലയാള മനോരമ ഏജന്റ് കെ.ഇ. മാത്യുവിന്റെ മകനായ സജി തോമ്പിക്കണ്ടത്ത് കട നടത്തുകയാണ്. സംഘാംഗങ്ങൾ സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, സിഐ രാജൻ കെ. അരമന, എസ്ഐ ബിനോദ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

related stories