ടെന്നീസ് താരം സെറീന വില്യംസിന് പെൺകുഞ്ഞ്

ന്യൂയോർക്ക്∙ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ്. സെറീനയുടെ കോച്ചാണു വിവരം പുറത്തറിയിച്ചത്. അമ്മയായ സെറീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച കോച്ച്, അവർ ഉടൻ തന്നെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു. അതേസമയം, സെറീനയോ അലക്സിസോ വിവരം സ്ഥിരീകരിച്ചിട്ടില്ല.

ഏപ്രിലിൽ ഫോട്ടോ പങ്കുവയ്ക്കുന്ന സ്നാപ് ചാറ്റിൽ മഞ്ഞനിറത്തിലുള്ള വൺ പീസ് നീന്തൽവസ്ത്രം ധരിച്ചു നിൽക്കുന്ന തന്റെ സെൽഫി ചിത്രം ‘20 വീക്സ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തതോടെയാണ് സെറീന ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. രണ്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് സെറീന, തന്റെ 23–ാം ഗ്രാൻഡ് സ്‌ലാം കിരീടം നേടിയത്. ലോകത്തിൽ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമായ സെറീന സാമൂഹിക വാർത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് 2016 ഡിസംബറിലാണ്.