തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ദിനകരൻ ഗവർണറെ കണ്ടു

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നും വിശ്വാസവോട്ട് നടത്തണമെന്നും ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരൻ ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ടു. ദിനകരനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും എംപിമാരും ഒപ്പമുണ്ടായിരുന്നു.

പളനിസാമിക്ക് ഭൂരിപക്ഷമില്ലെന്നത് എല്ലാവർക്കും അറിയാം. അതിനാൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെടണം. ഓഗസ്റ്റ് 22നും ഇക്കാര്യമുന്നയിച്ച് എംഎൽഎമാർ ഗവർണറെ കണ്ടിരുന്നു. മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തെയും മാറ്റണമെന്നു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ദിനകരൻ പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അധികം താമസിക്കാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞതായും ദിനകരൻ കൂട്ടിച്ചേർത്തു. അതിനിടെ, ദിനകരനെ അനുകൂലിക്കുന്ന മൂന്ന് എംഎല്‍എമാര്‍ കൂടി മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചു. അതേസമയം, ദിനകരനൊപ്പം നിന്ന കമ്പം എംഎല്‍എ എസ്.ടി.കെ. ജെക്കയ്യന്‍ പളനിസാമി പക്ഷത്തെത്തി.