വിദേശ വിനോദസഞ്ചാരികൾക്കു സ്വന്തം നാട്ടിൽനിന്ന് ബീഫ് കഴിക്കാമല്ലോ: കണ്ണന്താനം

ഭുവനേശ്വർ∙ വിദേശ വിനോദസഞ്ചാരികൾക്കു ബീഫ് കഴിക്കണമെങ്കിൽ സ്വന്തം നാട്ടിൽനിന്നാകാമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാരുടെ 33ാമത് കൺവെൻഷൻ ഒഡീഷയിലെ ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്കു യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനത്തിന്റേതായ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്ന് കണ്ണന്താനം ഇന്നു വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാര വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നതുൾപ്പെടെയുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഭക്ഷ്യവകുപ്പു മന്ത്രിയല്ല. അതുകൊണ്ടു ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താനല്ല മറുപടി പറയേണ്ടതെന്നും കണ്ണന്താനം വ്യക്തമാക്കി.

ഞായറാഴ്ച സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾക്കു അനുവദിച്ച അഭിമുഖത്തിലാണു കണ്ണന്താനം ബീഫ് വിഷയത്തിൽ ആദ്യ നിലപാട് സ്വീകരിച്ചത്. കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്കു യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്നും അതു കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്നു മന്ത്രിയെടുത്ത നിലപാട്.

ബീഫ് കഴിച്ചോളു, ബിജെപിക്ക് എന്തുപ്രശ്നം?

ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാൻ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് – കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ ബീഫ് യഥേഷ്ടം കഴിക്കുമ്പോൾ, കേരളത്തിൽ എന്തു പ്രശ്നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു. സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനം ഞായറാഴ്ച ഇങ്ങനെ പറഞ്ഞത്.