Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിൽ: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം ∙ ഇന്ത്യയിലേക്കു വരുന്ന സഞ്ചാരികളെല്ലാം സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നു പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണു നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്നു ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് കണ്ണന്താനം ചെയ്തിരിക്കുന്നത്. 

എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നു പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോടു യുദ്ധപ്രഖ്യാപനം നടത്തുകയാണ് അൽഫോൻസ് ആദ്യം ചെയ്തത്. സ്വകാര്യത മൗലിക അവകാശമാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇഷ്ട ഭക്ഷണം കഴിക്കുന്നതും സ്വകാര്യതയാണെന്ന വാദം രാജ്യമെമ്പാടും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാറിന് അംഗീകരിക്കാനാവില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അൽഫോൻസ് ഇപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുന്നത്.

അൽഫോൻസ് ടൂറിസം കേന്ദ്രമന്ത്രിയായത് കേരളത്തിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണു പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവന. അൽഫോൻസ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാണോ എന്നറിയാനാണു കേരളം കാതോർക്കുന്നത്.

കേരളത്തിൽ എത്തുന്ന വിദേശികളായ വിനോദസഞ്ചാരികൾ അവരുടെ നാട്ടിൽ ബീഫ് കഴിച്ചാൽ മതിയോ എന്ന് പിണറായി വ്യക്തമാക്കണം. സംഘപരിവാറിന്റെ അജൻഡ നടപ്പിലാക്കുന്ന മോദി സർക്കാരിന്റെ ഭാഗമാണ് അൽഫോൻസെന്നും ചെന്നിത്തല വ്യക്തമാക്കി.