സീഡില്ലാ താരത്തോട് തോറ്റ് വീനസ് പുറത്ത്; യുഎസ് ഓപ്പണിൽ അപ്രതീക്ഷിത ഫൈനൽ

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കടന്ന മാഡിസൻ കീസും സ്ലൊയേൻ സ്റ്റെഫാൻസും.

ന്യൂയോർക്ക് ∙ അമേരിക്കൻ താരങ്ങൾ ‘സ്വദേശിവൽക്കരിച്ച’ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമി പോരാട്ടങ്ങളിൽ അട്ടിമറിയും. അമേരിക്കക്കാരുടെ മാത്രം പോരാട്ടവേദിയായി മാറിയ യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ സ്വന്തം നാട്ടുകാരിയായ സീഡില്ലാ താരത്തോടു തോറ്റ് യുഎസിന്റെ വീനസ് വില്യംസ് ഫൈനൽ കാണാതെ പുറത്തായി. ലോക റാങ്കിങ്ങിൽ 83–ാം സ്ഥാനത്തുള്ള സ്ലൊയേൻ സ്റ്റെഫാൻസാണ് ഒൻപതാം സീഡായ വീനസിനെ അട്ടിമറിച്ചത്. മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റെഫാൻസിന്റെ ജയം. സ്കോർ: 6–1, 0–6, 7–5.

20, 15 സീഡുകൾ തമ്മിൽ നടന്ന രണ്ടാം ‘സ്വദേശി’ സെമി പോരാട്ടത്തിൽ കോകൊ വാൻഡവെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മാഡിസൻ കീസ് ഫൈനലിലെത്തിയത്. മൽസരം രണ്ടു സെറ്റിനുള്ളിൽ അവസാനിച്ചു. സ്കോർ: 6–1, 6–2. 2002ൽ വില്യംസ് സഹോദരിമാർ ഏറ്റുമുട്ടിയശേഷം യുഎസ് ഓപ്പണിൽ അമേരിക്കൻ ഫൈനൽ വരുന്നത് നടാടെയാണ്. 1981 നു ശേഷം ഇതാദ്യമായാണ് അമേരിക്കൻ വനിതകൾ മാത്രമുൾപ്പെട്ട സെമിഫൈനൽ പോരാട്ടം നടക്കുന്നത്.

കലണ്ടർ വർഷത്തിലെ മൂന്നാം ഗ്രാൻഡ്സ്‍ലാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ വീനസ്, രണ്ടുതവണ വിമ്പിൾ‌ഡൻ ചാംപ്യനായ പെട്രോ ക്വിറ്റോവയെ മൂന്നുസെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സെമിയിലെത്തിയത്.