‌‘ബീഫി’ൽ വീണ്ടും തിരുത്ത്; എന്തു കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് കണ്ണന്താനം

ന്യൂഡൽഹി ∙ ബീഫ് വിഷയത്തിൽ വീണ്ടും നിലപാടു തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. താന്‍ ബീഫ് കഴിക്കാറില്ല. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. ഓരോ സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. ഡൽഹിയിൽ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലേക്കു വരുംമുൻപ് സ്വന്തം രാജ്യത്തു ബീഫ് കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കണ്ണന്താനം പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇംഗ്ലിഷ് അറിയാത്ത മാധ്യമപ്രവർത്തകർ താൻ പറഞ്ഞത് മനസിലാക്കിയതിൽ വന്ന പിഴവാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് കണ്ണന്താനം വിശദീകരിച്ചു. വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണു താന്‍ പറഞ്ഞതെന്നും കണ്ണന്താനം മനോരമ ന്യൂസിനോടു പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ബീഫ് വിഷയത്തിൽ മന്ത്രി നിലപാടു വ്യക്തമാക്കുന്നത്. വിദേശി വിനോദസഞ്ചാരികൾക്കു ബീഫ് കഴിക്കണമെങ്കിൽ സ്വന്തം നാട്ടിൽനിന്നാകാമെന്നു കണ്ണന്താനം വെള്ളിയാഴ്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാരുടെ 33ാമത് കൺവെൻഷൻ ഒഡീഷയിലെ ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾക്കു അനുവദിച്ച അഭിമുഖത്തിൽ, കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്കു യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്നും അതു കെട്ടിച്ചമച്ചതാണെന്നുമാണ് ഭുവനേശ്വറിൽ മന്ത്രി നിലപാടെടുത്തത്. ഭുവനേശ്വറിലെ ഈ നിലപാടാണ് ഇന്ന് മന്ത്രി തിരുത്തിയത്.