ഇർമയുടെ ഗതിമാറുന്നു; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പ്രവാസികൾ

ദക്ഷിണ ഫ്‌ളോറിഡയിലുള്ള മിയാമി ബീച്ച്. സെപ്റ്റംബർ ഒൻപതിലെ ദൃശ്യം.

വാഷിങ്ടൻ ∙ കരീബിയൻ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് യുഎസ് തീരത്തെത്താൻ മണിക്കൂറുകൾ ശേഷിക്കെ, പ്രചരിക്കുന്നത്ര ഭീകരമല്ല യുഎസിലെ സാഹചര്യങ്ങളെന്ന് വ്യക്തമാക്കി പ്രവാസി സുഹൃത്തുക്കൾ രംഗത്ത്. മലയാളികള്‍ ഒട്ടേറെയുള്ള മയാമി ഉൾപ്പെടുന്ന ദക്ഷിണ ഫ്ളോറിഡയെ ഇർമ ഗുരുതരമായി ബാധിച്ചിട്ടില്ലെന്ന് യുഎസിലെ പ്രവാസി സംഘടനയായ ഫോമയുടെ ഇർമ ദുരിതാശ്വാസ സമിതി കൺവീനർ സാജൻ കുര്യൻ, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ് സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.

മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണ് ഫ്ളോറിഡ. ഇവിടെ വൻതോതിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും തങ്ങൾ താമസിക്കുന്ന ദക്ഷിണ ഫ്ളോറിഡയിൽ കാര്യങ്ങളത്ര ഗുരുതരമല്ല എന്ന സൂചനയാണ് സാജൻ കുര്യനും സുനിൽ തൈമറ്റവും നൽകുന്നത്.

ദക്ഷിണ ഫ്ളോറിഡയിൽത്തന്നെ ആയിരക്കണക്കിന് മലയാളികളുള്ളതിൽ അധികവും നഴ്സുമാരാണ്. ഇർമ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവർക്ക് ഡ്യൂട്ടിയിൽനിന്ന് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാവുന്ന നിലയിലല്ല കാര്യങ്ങല്ല. ഇപ്പോഴും ഫ്ളോറി‍ഡയിൽത്തന്നെയാണ് തങ്ങളുള്ളത്. ഇർമ ഫ്ളോറിഡ തീരത്തെത്താൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂവെന്ന് പറയുമ്പോഴും അത്ര ഗുരുതരമായ അവസ്ഥയല്ല ഇവിടെയുള്ളതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ഫ്ളോറിഡ ലക്ഷ്യമാക്കിയാണ് ഇർമയുടെ വരവെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകളെങ്കിലും, കാറ്റിന്റെ ഗതിമാറുന്നതായാണ് ഏറ്റവും പുതിയ വിവരമെന്ന് ഇവർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ദക്ഷിണ ഫ്‌ളോറിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഇർമ സാരമായി ബാധിക്കില്ലെന്നാണ് കരുതുന്നതെന്നും ഇരുവരും പറഞ്ഞു.

അതിനിടെ, ഇർമ ചുഴലിക്കാറ്റ് ബാധിച്ച കരീബിയൻ ദ്വീപ് സമൂഹമായ സെന്റ് മാർട്ടിനിൽനിന്ന് അറുപതോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ഇവരിൽ മിക്കവരും ചെറിയ കാലയളവിലേക്കുള്ള ട്രാൻസിറ്റ് വീസയിൽ യുഎസിൽ എത്തിയവരാണ്. ഇവരെ എത്രയും വേഗം നാട്ടിലേക്കു തിരിച്ചയക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.