Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറക്കുമതി ചെയ്തിട്ടാണെങ്കിലും എല്ലായിടത്തും കരിഓയിൽ ഒഴിക്കണം: ശ്രീനിവാസൻ

sreenivasan

തിരുവനന്തപുരം ∙ ദിലീപ് അനുകൂല പരാമർശത്തിന്റെ പേരിൽ തലശ്ശേരിയിലെ തന്റെ വീട്ടിൽ കരിഓയിൽ ഒഴിച്ചവർക്കെതിരെ പരിഹാസവുമായി നടൻ ശ്രീനിവാസൻ. കരിഓയില്‍‌ ഒഴിച്ചവര്‍ ആരായാലും, ദിലീപിനു പിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടില്‍ക്കൂടി ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ദിലീപിനെ അനുകൂലിച്ചാല്‍ മാത്രമല്ല, എതിര്‍ത്താലും സാക്ഷികളെ സ്വാധീനിക്കുമെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും ശ്രീനിവാസൻ മനോരമ ന്യൂസിനോടു പറഞ്ഞു.

ദിലീപിന് അനുകൂലമായി ഗണേഷ് കുമാർ സംസാരിച്ചാൽ അതു സാക്ഷികളെ സ്വാധീനിക്കുമെന്ന് പല സ്ഥലത്തുനിന്നും കേട്ടു. ഇതേക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെയാണ്. ദിലീപിനെ അനുകൂലിച്ച് സംസാരിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെങ്കിൽ, ദിലീപിനെ എതിർത്തു സംസാരിച്ചാലും അതു സാക്ഷികളെ സ്വാധീനിക്കൽ തന്നെയാണ്. ദിലീപിനെതിരായ കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം കാലം, അദ്ദേഹത്തിന് എതിരായി സംസാരിച്ചാലും സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്ന് ഓർക്കുന്നത് നല്ലതാണെന്ന് ശ്രീനിവാസൻ പറഞ്ഞു.

ദിലീപിന് അനുകൂലമായി താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു. വർഷങ്ങളായി ദിലീപിനെ അറിയാവുന്ന ആളെന്ന നിലയിൽ ഇത്തരമൊരു ഹീനകൃത്യം ദിലീപ് ചെയ്യുമെന്നു കരുതുന്നില്ലെന്നാണ് പറഞ്ഞത്. അല്ലാതെ പൊലീസിനെതിരായിട്ടൊന്നും പറഞ്ഞിട്ടില്ല. അതിന് താൻ ആളല്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണോ വീട്ടിൽ കരിഓയിൽ ഒഴിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നതാണ് സത്യം. കരിഓയിൽ ഒഴിച്ച കാര്യം നാട്ടിൽനിന്ന് വിളിച്ചുപറഞ്ഞപ്പോൾ പൊലീസിൽ പരാതിപ്പെടേണ്ട എന്നാണ് നിർദ്ദേശിച്ചത്. വേറൊരു കാര്യം, കരിഓയിൽ ഒഴിച്ചവർ വീടു മുഴുവനായി ഇതു ചെയ്തിരുന്നെങ്കിൽ പെയിന്റിങ്ങിന്റെ പണം ലാഭിക്കാമായിരുന്നു. ഇത്രയൊക്കെ പ്രാധാന്യമേ താൻ ഈ സംഭവത്തിനു നൽകുന്നുള്ളൂ എന്നും ശ്രീനിവാസൻ വ്യക്തമാക്കി.

തന്റെ വീട്ടിൽ കരിഓയിൽ ഒഴിച്ചവർ ഗണേഷിന്റെ വീട്ടിലും അപ്രകാരം ചെയ്യണമെന്ന് ശ്രീനിവാസൻ അഭ്യർഥിച്ചു. അതിനുശേഷം ദിലീപിനെ അനുകൂലിച്ച എല്ലാവരുടെയും വീട്ടിൽ കൊണ്ടുപോയി കരിഓയിൽ ഒഴിക്കണം. അതിന് ഇവിടെയുള്ള കരിഓയിൽ തികഞ്ഞില്ലെങ്കിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം. ഈ ദിവസങ്ങളിൽ കരിഓയിലിന് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നും ശ്രീനിവാസൻ പരിഹസിച്ചു.

പൊലീസ് സ്വമേധയാ കേസെടുത്തത് അവരുടെ കാര്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു. കേസിനോട് സഹകരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞുതന്നാൽ കേസുമായി മുന്നോട്ടുപോകുന്നതിനെ എതിർക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.