ദിനകരന് തിരിച്ചടി തന്നെ; ജനറൽ കൗൺസിൽ തടയാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ചെന്നൈ ∙ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ടാമതും ഹൈക്കോടതിയെ സമീപിച്ച ടി.ടി.വി. ദിനകരന് വീണ്ടും തിരിച്ചടി. ചൊവ്വാഴ്ചത്തെ ജനറൽ കൗൺസിൽ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. ജനറല്‍ കൗണ്‍സില്‍ തടയണമെന്നുള്ള ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ദിനകരൻ വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ടി.ടി.വി.ദിനകരന്‍റെ വിശ്വസ്തനായ വെട്രിവേല്‍ എംഎല്‍എ നേരിട്ടെത്തിയാണ് സിംഗിൾ ബെ‍ഞ്ച് വിധിക്കെതിരെ ചീഫ് ജസ്റ്റിസിന് ഹർജി സമർപ്പിച്ചത്. രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ ചൊവ്വാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. ശശികലയെയും അവരുടെ അനുയായികളെയും പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനാണ് അണ്ണാ ഡിഎംകെ (അമ്മ), അണ്ണാ ഡിഎംകെ (പുരൈട്ചി തലൈവി അമ്മ) വിഭാഗങ്ങൾ പാർട്ടിയുടെ ജനറൽ കൗണ്‍സിൽ വിളിച്ചത്.

ഇതോടെ, ചൊവ്വാഴ്ചത്തെ ജനറൽ കൗൺസിൽ റദ്ദാക്കിയ ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ വിധി അസാധുവായി. അണ്ണാ ഡിഎംകെ കർണാടക സെക്രട്ടറി പുകഴേന്തി സമർപ്പിച്ച ഹർജിയിലാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ജനറൽ കൗണ്‍സിലിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.

നേരത്തെ, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിനകരൻ വിഭാഗത്തിന്റെ ഹര്‍ജി തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ ഹര്‍ജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

വെട്രിവേല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം കോടതിയിലെത്തിച്ചതിനെ വിമർശിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് മാറിനില്‍ക്കാമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി.