Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവൂർ പ്രസംഗത്തിൽ ഉറച്ചുതന്നെ, മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യമറിയാതെ: ശശികല

KP-Sasikala

കോട്ടയം∙ ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന അവകാശം ദുരുപയോഗപ്പെടുത്തുന്നുവെന്നു തെളിഞ്ഞാൽ ഭരണഘടനയിൽ ഇതു തിരുത്തണമെന്ന ആവശ്യത്തെക്കുറിച്ചു ചിന്തിക്കേണ്ടി വരുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പറവൂരിലെ സമ്മേളനത്തിൽ തിരുത്തപ്പെടേണ്ടതായ രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. പ്രസംഗം മുഴുവൻ കേട്ടാൽ അതു മനസ്സിലാകും. വിവാദമാക്കിയതിന്റെ പിന്നിൽ ആരാണെന്നു സംഘടനാതലത്തിൽ അന്വേഷിക്കും. വി.ഡി. സതീശന്റെ ആരോപണത്തെ നിയമപരമായും സംഘടനപരമായും നേരിടും. സംഘടനാ തലത്തിൽ എങ്ങനെ നേരിടണമെന്നു ഞങ്ങൾ കൂടി ആലോചിക്കും.

1990 മുതൽ പൊതുരംഗത്തു പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്നേവരെ ഒരു മതത്തെയോ മതഗ്രന്ഥത്തെയോ അപമാനിച്ചിട്ടില്ല. അത്തരത്തിൽ കേസുമില്ല. 2006ലെ ഒരു പ്രസംഗത്തിന്റെ പേരിൽ 2016ൽ ഒരു കേസെടുത്തു. കേസുകളെയെല്ലാം നിയമപരമായി തന്നെ നേരിടും. എല്ലാ പ്രസംഗത്തിലും ആലോചിച്ച് ഉറപ്പിച്ചാണു കാര്യങ്ങൾ പറയുന്നത്. പിന്നീടു തിരുത്തേണ്ടതായി വരാറില്ല. പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ഉറച്ച ബോധ്യവുമുണ്ട്. പറവൂരിലെ പ്രസംഗം വിവാദമാക്കിയതു വോട്ടിനു വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ നാടകമായേ കാണുന്നുള്ളു.

മൃത്യുഞ്ജയ മന്ത്രവും ഹോമവും എന്താണെന്നു അറിയാതെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം. മൃത്യുഞ്ജയ മന്ത്രമൊക്കെ ചൊല്ലാൻ ഇക്കാലത്ത് ആളുകൾ ഉണ്ടായാൽ എന്താ ചെയ്യുക എന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. നമുക്കു പ്രിയപ്പെട്ട ആരുടെയെങ്കിലും ആയുസ്സിനുള്ള അപകടം ഒഴിവായി പോകാനാണു മൃത്യുഞ്ജയ ഹോമം നടത്തുന്നത്. മറ്റേതു ശത്രുസംഹാരമുട്ടാണ്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു കഴിവുള്ളതിനാലാണു ബിജെപി അദ്ദേഹത്തെ മന്ത്രിയാക്കിയത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാത്തിരുന്നു കാണാം. അദ്ദേഹത്തിന്റെ പ്രവർത്തനവും സേവനവും ന്യൂനപക്ഷങ്ങൾക്കു വേണ്ടി മാത്രമാകില്ല എന്നാണു പ്രതീക്ഷ.

ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളിൽ വിശ്വസിക്കുന്നവർക്കെല്ലാം ക്ഷേത്രങ്ങളിൽ പ്രവേശനം നൽകണമെന്നാണു ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഗുരുവായൂർ അമ്പലത്തെ സംബന്ധിച്ചും ഇതാണ് ഐക്യവേദിയുടെ അഭിപ്രായം. എന്നാൽ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടതു അവിടുത്തെ ക്ഷേത്രം തന്ത്രിയുടെയും മറ്റും അഭിപ്രായം കൂടി അറിഞ്ഞു വേണം. തന്ത്രിക്കാണു പൂർണ അധികാരം. വിശ്വഹിന്ദു പരിഷത് നേതൃത്വം നൽകുന്ന എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു വിശ്വാസിയായ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഉണ്ടിരിക്കുന്ന നായർക്കു ഒരു വെളിപാടു പോലെ ഹിന്ദു ഐക്യവേദി ഒരു സുപ്രഭാതത്തിൽ വിചാരിച്ചാൽ മാറ്റാൻ കഴിയുന്നതല്ല ഗുരുവായൂരിലെ കാര്യം. ഒരു യേശുദാസിനു വേണ്ടിയല്ല, എല്ലാ യേശുദാസന്മാർക്കും വേണ്ടിയാണു ഐക്യവേദി വാദിക്കുന്നത്.

വൈക്കത്തെ പെൺകുട്ടിയുടെ കേസിൽ എൻഐഎയുടെ അന്വേഷണത്തിൽ മുസ്‌ലിംലീഗിന്റെ പങ്കുകൂടി ഉൾപ്പെടുത്തണമെന്നും ശശികല ആവശ്യപ്പെട്ടു. കേരളത്തിൽ 6,000 പെൺകുട്ടികൾ വിവാഹകാര്യത്തിനു വേണ്ടി മതം മാറ്റപ്പെട്ടുവെന്നു നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ ഉണ്ട്. ഹിന്ദു ഐക്യവേദിയുടെ ആരോപണമല്ല ഇത്. പ്രേമിക്കുന്നവർ വിവാഹിതരായാൽ അവരവർ വിശ്വസിച്ചുവരുന്ന മതത്തിൽ തന്നെ തുടർന്നാൽ എന്താണു കുഴപ്പം. അതാണ് ഹിന്ദു ഐക്യവേദി ഉയർത്തുന്ന വിഷയമെന്നും അവർ പറഞ്ഞു.  

related stories