പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും

ന്യൂഡൽഹി∙ ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില അനുദിനം വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം.

അടുത്ത കാലത്തെ എണ്ണ വിലക്കയറ്റത്തിന്റെ കാരണങ്ങൾ:

∙ ക്രൂഡോയിൽ വില മൂന്നു ഡോളർ ഉയർന്ന് 48 ഡോളറായി

∙ പെട്രോൾ പമ്പുകളുടെ കമ്മിഷൻ ലീറ്ററിന് 50 പൈസ കൂട്ടി

∙ എണ്ണ വിപണന കമ്പനികൾ ലീറ്ററിന് ഒരു രൂപ വീതം അധികലാഭം വാങ്ങിത്തുടങ്ങി

ഇന്ധനവില കണക്കാക്കുന്നതിങ്ങനെ (ഡൽഹിയിലെ വില)

ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിനു ബാരൽ (വീപ്പ) വില (48 ഡോളർ) + ലീറ്ററിനു ഗതാഗതച്ചെലവ് (2 ഡോളർ) = 50 ഡോളർ (3210 രൂപ)

ഒരു ബാരൽ = 159 ലീറ്റർ

ഒരു ലീറ്റർ ക്രൂഡോയിലിനു വില = 20.19 രൂപ

ഡൽഹിയിലെ വില (തുക രൂപയിൽ/ ലീറ്ററിന്)

∙ പെട്രോൾ (ഡൽഹിയിലെ വില)

അസംസ്കൃത പെട്രോൾ അടിസ്ഥാനവില – 20.19

പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 6.03

വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 3.31

ശുദ്ധീകരിച്ച പെട്രോളിന് അടിസ്ഥാനവില – 29.53

കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 21.48

പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 3.23

സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർചാർജ് – 14.64

അന്തിമ വില – 68.88

∙ ഡീസൽ (ഡൽഹിയിലെ വില)

അസംസ്കൃത ഡീസൽ അടിസ്ഥാന വില – 20.19

പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 6.38

വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 2.55

ശുദ്ധീകരിച്ച ഡീസലിന് അടിസ്ഥാനവില – 29.12

കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 17.33

പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 2.17

സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർച്ചാർജ് – 8.44

അന്തിമ വില – 57.06

(അവലംബം: ഇന്ത്യൻ ഓയിൽ കോർപറേഷൻ, നോ ഹൗ ഇസ് ഫ്യൂവൽ കോസ്റ്റ് ടു കൺസ്യൂമർ കംപ്യൂട്ടഡ്, പെട്രോൾ ആൻഡ് ഡീസൽ പ്രൈസസ് ഇൻ 2017 – ഓഗസ്റ്റ് 24, 2017, മൈ കാർ ഹെൽപ് ലൈൻ)