ലക്ഷ്യം യുഎസിന് തുല്യമാകുക; സൈന്യശേഷി കൂട്ടുമെന്ന് കിം ജോങ് ഉൻ

സോൾ∙ രാജ്യാന്തര എതിര്‍പ്പുകളും സമ്മർദങ്ങളും വിലവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നും കിങ് ജോങ് ഉൻ വ്യക്തമാക്കി.

ലക്ഷ്യത്തിലേക്ക് ‘മുഴുവൻ വേഗത്തിലും നേരായ മാർഗത്തിലും’ രാജ്യം സഞ്ചരിക്കുകയാണെന്നും കിം പറഞ്ഞു. ഉത്തര കൊറിയ പുറത്തുവിട്ട പുതിയ വാർത്താക്കുറിപ്പിലാണ് ലോകത്തെ ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്. മൂന്നാഴ്ചയ്ക്കിടെ ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈൽ പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു.

ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടി അടക്കം പരിഗണിക്കുന്നതായി യുഎസും നിലപാടെടുത്തു. സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനു തയാറാകാതെ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും യുഎസ് വ്യക്തമാക്കി. അതേസമയം,. ഉത്തര കൊറിയയ്ക്കെതിരായ പ്രകോപനം യുഎസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി.

ജപ്പാനു മുകളിലൂടെ കഴിഞ്ഞദിവസം മധ്യദൂര ബാലിസ്റ്റിക് മിസൈലാണു ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇതു വടക്കൻ ജപ്പാനു മുകളിലൂടെ പറന്നു പസിഫിക് സമുദ്രത്തിൽ പതിച്ചു. ഓഗസ്റ്റ് 29നും ഇതേ രീതിയിൽ ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചിരുന്നു. ഈമാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തിയിരുന്നു. ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്കുമേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎൻ ഉപരോധങ്ങൾക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലിൽ മുക്കുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു. പ്രതികരണത്തിനു പിന്നാലെയാണ് ജപ്പാനു മുകളിലൂടെ രണ്ടാമതും മിസൈൽ വിക്ഷേപിച്ചത്. ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകളുടെ പരീക്ഷണമാണ് ഉത്തരകൊറിയ ഇപ്പോൾ നടത്തുന്നതെന്നും ഇതു യുഎസ് അടക്കമുള്ള രാജ്യങ്ങൾക്കു കനത്ത ഭീഷണിയാണെന്നും വിദഗ്ധർ പറയുന്നു.

ഗുവാമിനെ ഉന്നമിട്ട് കിം ജോങ് ഉൻ

പസിഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ആക്രമിക്കുമെന്ന് ഉത്തരകൊറിയ നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി നടത്തുന്ന മിസൈൽ വിക്ഷേപണങ്ങൾ ഇതിനുള്ള മുന്നൊരുക്കമാണെന്നാണു കരുതുന്നത്. ഉത്തരകൊറിയയിൽനിന്നു 3400 കിലോമീറ്റർ ദൂരെയാണു ഗുവാം. ജപ്പാനുമുകളിലൂടെ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈൽ സഞ്ചരിച്ചത് ഇതിലുമേറെ ദൂരമാണ്.

ഉത്തര കൊറിയയുടെ കൈവശമുള്ളത് രണ്ടു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ്. ഒന്ന്, ഹ്വാസോങ്–14. ആക്രമണപരിധി 10,400 കിലോമീറ്റർ വരെ. അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങൾ, ലാറ്റിൻ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, അന്റാർട്ടിക്ക എന്നീ പ്രദേശങ്ങളൊഴിച്ചു ലോകത്തെവിടെയും ആക്രമണം നടത്താൻ ഇവയ്ക്കു കഴിയും. രണ്ട്, ടായ്പഡോങ്–2. ഉൻഹ 3 എന്ന ഉത്തര കൊറിയൻ റോക്കറ്റ് പരിഷ്കരിച്ച മിസൈലാണിത്. ആക്രമണപരിധി 4000 മുതൽ 10,000 കിലോമീറ്റർ വരെ. 

ഉത്തര കൊറിയയെ എങ്ങനെ പ്രതിരോധിക്കും? 

ഉത്തര കൊറിയയുടെ പ്രഖ്യാപിത ശത്രുക്കളായ യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പക്കൽ മിസൈൽവേധ സംവിധാനങ്ങളുണ്ട്. യുഎസിന്റെ താഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) സംവിധാനം ദക്ഷിണ കൊറിയൻ തലസ്ഥാന നഗരമായ സോളിനു തെക്ക് 12 ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ജപ്പാന്റെ പേട്രിയറ്റ്, ഏജിസ് എന്നിവയും മിസൈലിൽനിന്നു സുരക്ഷ നൽകും.