നടിയെ ആക്രമിച്ച കേസ്: നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ 25ന് പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ പൊലീസ് സംശയിക്കുന്ന സംവിധായകൻ നാദിർഷായുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച (25) പരിഗണിക്കും. നാദിർഷായെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പൊലീസ് മുദ്രവച്ച കവറിൽ നൽകണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാദിർഷായെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണോയെന്നും പൊലീസ് വ്യക്തമാക്കണം.

ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

അതിനിടെ, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.