സമൂഹമാധ്യമങ്ങളിലെ ‘ഫോർവേഡ് മെസേജ്’ സൂക്ഷിക്കണം: രാജ്നാഥ് സിങ്

ന്യൂഡൽഹി∙ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രാജ്യത്ത് സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യവിരുദ്ധ ശക്തികൾ പ്രചരിപ്പിക്കുന്ന ഇത്തരം മെസേജുകൾ പരിശോധിക്കാതെ മറ്റുള്ളവർക്ക് അയച്ചു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. നേപ്പാളും ഭൂട്ടാനുമായുള്ള ഇന്ത്യയുടെ അതിർത്തികളിൽ സശസ്ത്ര സീമ ബല്ലിന്റെ (എസ്എസ്ബി) പുതിയ ഇന്റലിജന്റ്സ് വിഭാഗത്തെ നിയോഗിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണയും യാതൊരു അടിസ്ഥാനവുമില്ലാത്തതുമായ വാർത്തകൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. പലതും ജനം വിശ്വസിച്ചു പോകുന്ന തരത്തിലുള്ളവയാണ്. ഇത്തരം സന്ദേശങ്ങൾ വിശ്വാസത്തിലെടുക്കാനോ പ്രചരിപ്പിക്കാനോ എസ്എസ്ബി ജവാന്മാർ തയാറാകരുത്. ഇവയ്ക്കെതിരെ കരുതലോടെയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ 1751 കിലോമീറ്റർ പ്രദേശത്തും ഇന്ത്യ–ഭൂട്ടാൻ അതിർത്തിയിലെ 699 കിലോമീറ്ററിലും സംരക്ഷണമൊരുക്കുന്നത് സശസ്ത്ര സീമ ബൽ ആണ്. വീസയില്ലാതെ യാത്ര സാധ്യമാകുന്ന ഇത്തരം അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുകയെന്നതു കൂടുതൽ പ്രയാസമേറിയ കാര്യമാണ്. പാക്കിസ്ഥാനും ബംഗ്ലദേശിനുമിടയിൽ വേലി കെട്ടിത്തീർത്തുള്ള സുരക്ഷയേക്കാൾ ബുദ്ധിമുട്ടേറിയതാണ് ഇത്. ആരൊക്കെയാണ് രാജ്യദ്രോഹികളെന്നും ഏതു വഴിയാണ് കുറ്റവാളികൾ വരുന്നതെന്നും ആരുടെ കയ്യിലാണ് ലഹരിമരുന്നും കള്ളനോട്ടുമുള്ളത് എന്നുമെല്ലാം കണ്ടുപിടിക്കാൻ ഇത്തരം അതിർത്തികളിൽ ഏറെ ബുദ്ധിമുട്ടാണെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആദ്യമായാണ് എസ്എസ്ബിക്കു കീഴിൽ ഇന്റലിജന്റ്സ് വിഭാഗം രൂപീകരിക്കുന്നത്. അതിർത്തിയിലെത്തുന്ന കുറ്റവാളികളുടെയും പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തുന്ന കശ്മീരി തീവ്രവാദികളുടെയും ഉൾപ്പെടെ വിവരങ്ങൾ ഈ വിഭാഗം ശേഖരിക്കും. 650 പേരാണ് ഇന്റലിജന്റ്സ് സംഘത്തിലുള്ളത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 230 പേർ പാകിസ്ഥാനിൽനിന്നും പാക്ക് അധീന കശ്മീരിൽനിന്നും നേപ്പാൾ അതിർത്തി വഴിയാണ്ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. 2010 മുതലുള്ള കണക്കാണിത്.

അസമിലെ ബോഡോലാൻഡ് തീവ്രവാദികൾ സ്ഥിരമായി സംഘർഷമുണ്ടാക്കുന്നതാണ് ഇന്ത്യ–ഭൂട്ടാൻ അതിർത്തി. ഈ രണ്ട് അതിർത്തികളിലെയും ഇന്റലിജന്റ്സ് പ്രവർത്തനങ്ങളുടെ പൂർണ ചുമതല ഇനി എസ്എസ്ബിക്കായിരിക്കും.