കിമ്മിന് യുഎസിന്റെ മറുപടി; കൊറിയൻ ആകാശത്ത് ബോംബർ വിമാനങ്ങൾ

ഉത്തര കൊറിയയ്ക്കു മുകളിൽ സൈനിക പ്രകടനം നടത്തുന്ന യുഎസ് വിമാനങ്ങൾ. ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം.

സോൾ∙ ഉത്തര കൊറിയയുടെ തുടർച്ചയായ ഭീഷണികളെ വകവച്ചു കൊടുക്കില്ലെന്നും കനത്ത തിരിച്ചടിക്ക് തയാറാണെന്നുമുള്ള സൂചനയോടെ യുഎസ്. കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് യുഎസ് മറുപടി നൽകിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബർ വിമാനങ്ങളുമാണ് ശക്തി പ്രകടനം നടത്തിയത്.

ഉത്തര കൊറിയയുടെ തുടർച്ചയായ പ്രകോപനങ്ങളും ആണവ, മിസൈൽ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്–35ബി സ്റ്റൽത്ത് ഫൈറ്ററുകളും രണ്ട് ബി–1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.

യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്–15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോർ വിമാനങ്ങളും പറന്നത്. ‘പതിവ്’ പറക്കൽ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ശത്രുവിനെ നേരിടാൻ സംയുക്ത സൈനിക നടപടികൾ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.

ഇതിനുമുൻപ് ഓഗസ്റ്റ് 31നും ഇതുപോലെ യുഎസ് യുദ്ധ വിമാനങ്ങൾ കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ പറന്നിരുന്നു. സൈനിക പ്രകടനത്തിന്റെ ചിത്രവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

രാജ്യാന്തര എതിര്‍പ്പുകളും സമ്മർദങ്ങളും വകവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ സൈനിക പ്രകടനം. സൈനിക, ആയുധശേഷിയില്‍ യുഎസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നാണു കിങ് ജോങ് ഉൻ വ്യക്തമാക്കിയത്.

മൂന്നാഴ്ചയ്ക്കിടെ ജപ്പാനു മുകളിലൂടെ രണ്ടാമതും മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയ, ഈമാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണത്തെയും മിസൈല്‍ പരീക്ഷണങ്ങളെയും ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. ഉത്തര കൊറിയയ്ക്കുമേൽ കടുത്ത ഉപരോധങ്ങളും യുഎൻ ഏർപ്പെടുത്തി.

യുഎൻ ഉപരോധങ്ങൾക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലിൽ മുക്കുമെന്നുമാണ് ഉത്തര കൊറിയ പ്രതികരിച്ചത്. പസിഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ആക്രമിക്കുമെന്ന് ഉത്തരകൊറിയ നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി നടത്തുന്ന മിസൈൽ വിക്ഷേപണങ്ങൾ ഇതിനുള്ള മുന്നൊരുക്കമാണെന്നാണു കരുതുന്നത്.