നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുറ്റപത്രം അടുത്തമാസം ഏഴിനകം

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ അടുത്തമാസം ഏഴിനകം ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അധിക കുറ്റപത്രമാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകുക. കൂട്ടമാനഭംഗത്തിന് ഗൂഢാലോചന നടത്തിയെന്ന ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപ് രണ്ടാം പ്രതിയാകും. അതേസമയം, അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ ഈ നിർണായക തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നിയമോപദേശം തേടി.

കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി), ഇയാൾ ഫോൺ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന പ്രതി നടൻ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ സംഘടിതമായി തൊണ്ടി മുതൽ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.‌

എന്നാൽ, കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും ക്രിമിനൽ നടപടി ചട്ടത്തിൽ വകുപ്പുണ്ട്.