പിതാവിനെ കാണാൻ ദാവൂദിന്റെ ഭാര്യ മുംബൈയിൽ എത്തിയിരുന്നു: കസ്കർ

മുംബൈ പൊലീസിന്റെ പിടിയിലായ ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കർ

താനെ ∙ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് പിടിയിലായ സഹോദരൻ ഇക്ബാൽ കസ്കർ. ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നും കസ്കർ മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കസ്കർ ഇക്കാര്യങ്ങൾ പറഞ്ഞതായി രഹസ്യാന്വേഷണ വിഭാഗവും താനെ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കസ്കർ പങ്കുവച്ചതായാണു വിവരം. കുടുംബവുമായി മുംബൈയിൽ കഴിയുന്ന പിതാവ് സലിം കശ്മീരിയെ കാണാനാണ് മെഹ്ജാബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയത്. പിതാവിനെയും ബന്ധുക്കളെയും കണ്ടശേഷം വളരെപെട്ടെന്ന് അവർ രാജ്യം വിടുകയും ചെയ്തതായി കസ്കർ വെളിപ്പെടുത്തി.

തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു കിലോമീറ്റർ അകലെ പക്മോഡിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാർക്കറുടെ വീട്ടിൽനിന്നാണു കസ്കറെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ ചോർത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്കർ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്കർ കൂട്ടിച്ചേർത്തു. കെട്ടിട നിർമാതാക്കൾ, ബിസിനസുകാർ തുടങ്ങിയവരിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്കർ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്കർ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.

ദാവൂദ് ഇബ്രാഹിം (ഫയൽ ചിത്രം)

ദാവൂദ് പാക്കിസ്ഥാനിലാണെന്ന ഇന്ത്യയുടെ വാദത്തിനു ബലമേകുന്ന മൊഴിയാണ് കസ്കർ നൽകിയിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറിയ ഒൻപതു സ്ഥലങ്ങളിൽ ആറെണ്ണവും ശരിയാണെന്നു യുഎൻ കണ്ടെത്തിയിരുന്നു. ദാവൂദ് പതിവായി സന്ദർശിക്കുന്ന ഒൻപതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎൻ രക്ഷാസമിതിയുടെ അൽ ഖായിദ ഉപരോധ സമിതിക്ക് ഇന്ത്യ കൈമാറിയത്. പാക്കിസ്ഥാനിൽ വൻ സമ്പാദ്യങ്ങളുള്ള ദാവൂദ് പാക്ക് അധികൃതരുടെ തണലിൽ ഒളിവുജീവിതം നയിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ, ദാവൂദ് രാജ്യത്തില്ലെന്നാണു പാക്ക് നിലപാട്.

അതേസമയം, കസ്കർ നൽകിയ വിലപ്പെട്ട വിവരങ്ങൾ വച്ച് മുംബൈയിലെയും നവിമുംബൈയിലെയും താനെയിലെയും ദാവൂദിന്റെ സംഘാംഗങ്ങളെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവഴി നിരവധിക്കേസുകൾക്കു തുമ്പുണ്ടാക്കാനാകും. ലഹരിമരുന്നിന്റെ കച്ചവടം ദാവൂദിപ്പോൾ ആഫ്രിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.