‘ട്രംപ് ഭ്രാന്തനായ യുഎസ് വൃദ്ധൻ’; ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് കിം ജോങ് ഉൻ

വാഷിങ്ടൻ‌‌‌\സോൾ∙ ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താൻ യുഎസ്. പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. നീക്കത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഉത്തര കൊറിയയും രംഗത്തെത്തി.

ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കി. ഉപരോധ വാർത്തയ്ക്കു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ മറുപടി വന്നു.

‘യുഎസിന്റെ പരമാധികാരം കയ്യാളുന്നയാൾ നടത്തുന്ന പ്രസ്താവനകൾക്കു കനത്ത വില നൽകേണ്ടി വരും. ഏതു തരം മറുപടിയാണ് അയാൾ പ്രതീക്ഷിക്കുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ അതിരുവിട്ടിരിക്കുന്നു. ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാൾ വലിയതാകും അനുഭവിക്കേണ്ടിവരിക. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്’– ഉത്തര കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ട കുറിപ്പിലൂടെ കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെട്ടു കിടക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ സഹായിക്കുന്ന ചൈനയുടെ നടപടിയെ കിം ജോങ് ഉൻ പ്രകീർത്തിച്ചു. ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകത്തിനു സൃഷ്ടിക്കുന്ന ഭീഷണിയെ ഉത്കണ്ഠയോടെയാണ് ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര സമൂഹവും കാണുന്നത്. യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ, ഉത്തര കൊറിയയും ‘റോക്കറ്റ് മനുഷ്യനും’ (കിം) ഭീഷണി തുടർന്നാൽ പൂര്‍ണമായി നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഉപരോധവുമായി യുഎൻ രക്ഷാസമിതി

തുടർച്ചയായ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുഎൻ രക്ഷാസമിതി തീരുമാനിച്ചു. ഉത്തര കൊറിയയുടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാക്കുകയാണ് ലക്ഷ്യം. എണ്ണ ഇറക്കുമതിക്കു നിയന്ത്രണം, തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങൾക്കും സമ്പൂർണവിലക്ക്, വിദേശത്തുനിന്ന് ഉത്തര കൊറിയയിലേക്ക് പണമയക്കുന്നത് തടയൽ തുടങ്ങിയ ഉപരോധങ്ങളാണ് യുഎൻ പ്രഖ്യാപിച്ചത്. ഇതുകൂടാതെയാണ് യുഎസ് പുതിയ ഉപരോധങ്ങൾ നടപ്പാക്കുന്നത്.

യുഎസ് അവതരിപ്പിച്ച പ്രമേയം രക്ഷാസമിതി എതിരില്ലാതെയാണു പാസ്സാക്കിയത്. എണ്ണ ഇറക്കുമതി പൂർണമായി വിലക്കുന്നതിനുള്ള പ്രമേയമാണു യുഎസ് തയാറാക്കിയിരുന്നതെങ്കിലും ചൈനയുടെയും റഷ്യയുടെയും പിന്തുണ കിട്ടാനായി പിന്നീട് മയപ്പെടുത്തി. പ്രതിവർഷം 45 ലക്ഷം ബാരൽ സംസ്കരിച്ച എണ്ണയും 40 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമാണ് ഉത്തര കൊറിയ ഇറക്കുമതി ചെയ്യുന്നത്. സംസ്കരിച്ച എണ്ണയ്ക്ക് 20 ലക്ഷം ബാരൽ എന്ന പരിധി നി‌ശ്ചയിച്ചു. അസംസ്കൃത എണ്ണ ഇപ്പോഴുള്ളതിൽ കൂടുതൽ ഇറക്കുമതി ചെയ്യാൻ പാടില്ല. പ്രകൃതി വാതകം, എണ്ണയുടെ ഉപോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി പൂർണമായി വിലക്കി.

കൽക്കരി കഴിഞ്ഞാൽ തുണിത്തര കയറ്റുമതിയാണ് ഉത്തര കൊറിയയുടെ പ്രധാന വരുമാനമാർഗം. തുണി കയറ്റുമതിയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 76 കോടി ഡോളറാണ്. വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയൻ പൗരന്മാർ നികുതിയിനത്തിൽ അയയ്ക്കുന്ന തുകയ്ക്കും വിലക്കുവന്നു. 50 കോടി ഡോളറാണു വിദേശ ജീവനക്കാരിൽ നിന്നുള്ള പ്രതിവർഷ വരുമാനം. സംയുക്ത സംരംഭങ്ങൾ വിലക്കിയതോടെ നിക്ഷേപ സാധ്യതകളും ഇല്ലാതാവും. സാങ്കേതികവിദ്യാ കൈമാറ്റവും നടക്കില്ല. ചൈനയിൽ നിന്നാണ് ഉത്തര കൊറിയ എണ്ണ കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. തുണിയുടെ കയറ്റുമതിയിൽ 80 ശതമാനവും ചൈനയിലേക്കാണ്. വ്യാപാര വരുമാനത്തിന്റെ നാലിലൊന്നും തുണി കയറ്റുമതിയിൽനിന്നാണ്.

ഉപരോധത്തിന് മറുതന്ത്രം

ലോക രാജ്യങ്ങളുടെ സമ്മർദ്ദവും യുഎൻ ഉപരോധവും മറികടക്കാന്‍ ഉത്തര കൊറിയ മറുതന്ത്രം പയറ്റുന്നുണ്ട്. ബിറ്റ് കോയിന്‍ അടക്കമുള്ള സൈബര്‍ കറന്‍സികള്‍ മോഷ്ടിക്കാന്‍ ഉത്തര കൊറിയ ശ്രമിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. ഉപരോധത്തെ തുടര്‍ന്നു പ്രതിരോധത്തിലായ ഉത്തരകൊറിയയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സര്‍ക്കാര്‍ പിന്തുണയോടെ ഹാക്കര്‍മാര്‍ ബിറ്റ് കോയിനുകളെ ലക്ഷ്യമിടുന്നത്.

ഈവര്‍ഷം മാത്രം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദക്ഷിണ കൊറിയയിലെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളെ ലക്ഷ്യമിട്ട് ഉത്തര കൊറിയ ആക്രമണം നടത്തിയിട്ടുണ്ടെന്നു ഫയര്‍ ഐ പറയുന്നു. 2014 നവംബറിൽ സോണി പിക്‌ചേഴ്‌സിനെതിരെയും 2016 ഫെബ്രുവരിയില്‍ ബംഗ്ലദേശ് സെന്‍ട്രല്‍ ബാങ്കിനെതിരെയും നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരാണെന്ന് ആരോപണമുണ്ട്.

അതേസമയം, ഉത്തര കൊറിയയ്ക്ക് എട്ടു മില്യൻ ഡോളറിന്റെ സഹായം നൽകാൻ ദക്ഷിണ കൊറിയ തീരുമാനിച്ചതിനോടുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ഉത്തര കൊറിയയിലെ പിഞ്ചുകുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള മാനുഷിക പദ്ധതികൾക്കാണ് ദക്ഷിണ കൊറിയ സഹായം നൽകുന്നത്.