‘ട്രംപും കിമ്മും നഴ്സറി കുട്ടികളെ പോലെ’; രണ്ടുപേരും ശാന്തരാകണമെന്ന് റഷ്യ

ന്യൂയോർക്ക്∙ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യ. നേതാക്കന്മാർ രണ്ടുപേരും ശാന്തരാകണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആവശ്യപ്പെട്ടു. കാര്യങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടത്. നഴ്സറി സ്കൂളിൽ കുട്ടികൾ തമ്മിലടിക്കുന്നതു പോലെയാണ് ട്രംപും കിമ്മും തമ്മിലുള്ള വാഗ്വാദമെന്നും ലാവ്റോവ് പരിഹസിച്ചു.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങളും അഭ്യർഥനകളും ഉയരുന്നതിനാൽ ഉത്തരകൊറിയ ചർച്ചകൾക്കു തയാറാകുമെന്ന പ്രതീക്ഷയുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. അമേരിക്കയോടുള്ള നിലപാടിൽ മാറ്റം വരേണ്ടതുണ്ടെന്നും ടില്ലേർസൺ പറഞ്ഞു. കൂടുതല്‍ ഉപരോധം നടപ്പാക്കിയ അമേരിക്കയെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് ഉത്തര കൊറിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘തലയ്ക്കു സ്ഥിരതയില്ലാത്ത യുഎസ് വൃദ്ധൻ’ എന്നു ട്രംപിനെ എന്നു വിശേഷിപ്പിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്ക എന്ത് പ്രതീക്ഷിച്ചാലും അതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു.

വാക്പോരിൽ ഒട്ടും പിന്നിലല്ലാത്ത യുഎസ് പ്രസിഡന്റിന്റെ മറുപടി പിന്നാലെ ട്വിറ്ററിലെത്തി: ‘സ്വന്തം ജനത്തെ പട്ടിണിക്കിടാനോ കൊല്ലാനോ മടിയില്ലാത്ത ഭ്രാന്തൻ.’ കഴിഞ്ഞദിവസം യുഎൻ പൊതുസഭയിലെ തന്റെ കന്നിപ്രസംഗത്തിൽ, ഉത്തര കൊറിയയും അവരുടെ ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടർന്നാൽ പൂർണമായും നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങളും ട്രംപ് ഏർപ്പെടുത്തി. യുഎൻ രക്ഷാസമിതിയും ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, കിം ഉദ്ദേശിച്ചത് പ്രഹരശേഷികൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. പസഫിക് സമുദ്രത്തിനു മുകളിൽ ഹൈഡ്രജൻ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നും കൂടുതൽ കാര്യങ്ങൾ ‘നേതാവ്’ തീരുമാനിക്കുമെന്നും ഹോ പറഞ്ഞു. ഭൗമോപരിതലത്തിൽ അണുബോംബ് പരീക്ഷിക്കാൻ ഉത്തര കൊറിയ തയാറായാൽ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും. 1980ൽ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുൻപു നടത്തിയതെല്ലാം ഭൂഗർഭ ആണവ പരീക്ഷണങ്ങളായിരുന്നു. ഈ മാസമാദ്യം ഉത്തര കൊറിയ 120 കിലോ ടൺ സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിരുന്നു.