ചിറയിൻകീഴിൽ നടുറോഡിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ

ചിറയിൻകീഴിൽ യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ.

തിരുവനന്തപുരം ∙ ചിറയിൻകീഴിൽ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. ആറ്റിങ്ങൽ സിഐയുടെ കീഴിൽ റൂറൽ ഷാഡോ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ്, അനന്തു എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ റൂറൽ എസ്പി അശോക് കുമാർ കേസ് അന്വേഷിക്കാൻ ആറ്റിങ്ങൽ സിഐ അനിൽകുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. റൂറൽ ഷാഡോ പൊലീസിലെ എസ്ഐ ഷിജു കെ.എൽ, ചിറയിൻകീഴ് എസ്ഐ എ.പി.ഷാജഹാൻ, എസ്ഐ പ്രസാദ് ചന്ദ്രൻ, ഷാഡോ എഎസ്ഐ ഫിറോസ്, ബിജു.എ.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബി.ദിലീപ്, ബിജുകുമാർ, ജ്യോതിഷ്.വി.വി, ദിനോർ, ശരത്, സുൾഫി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 13നാണു ചിറയിൻകീഴിലെ ഏറെ തിരക്കേറിയ വലിയകട ജംക്‌ഷനിൽ ബൈക്കിലെത്തിയ രണ്ടു പേർ യുവാവിനെ തല്ലിച്ചതച്ചത്. ഒട്ടേറെപ്പേർ നോക്കിനിൽക്കെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ചിറയിൻകീഴിൽ യുവാവിനെ രണ്ടു പേർ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ. (ഫയൽ ചിത്രം)

ചിറയിൻകീഴ് വക്കത്തുവിള സുധീർ എന്ന യുവാവിനെയാണു തല്ലിച്ചതച്ചതെന്നു പൊലീസ് കണ്ടെത്തി. അനന്തുവിന്റെ നേതൃത്വത്തിലാണു മർദിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ബൈക്കിലെത്തിയ രണ്ടു പേർ ജംക്‌ഷനിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. അതിനിടെ മറ്റു രണ്ടു പേർ ബൈക്കിലെത്തി. ഇവരിലൊരാൾ നേരത്തേ വട്ടംചുറ്റി നടന്ന രണ്ടു പേരുമായി വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ക്രൂരമർദനം. തല്ലിത്താഴെയിട്ടു ചവിട്ടുകയും ചെയ്തു.

മര്‍ദനം തുടർന്നിട്ടും പരിസരത്തുനിന്ന ഒരാളു പോലും ഇടപെട്ടില്ല. റോഡിൽ വീണുകിടന്ന സുധീറിനു സമീപത്തു കൂടി വാഹനങ്ങളും പാഞ്ഞുപോകുന്നുണ്ടായിരുന്നു. ഒടുവിൽ ഏതാനുംപേര്‍ ഇടപെട്ടതോടെയാണ് അക്രമികൾ ബൈക്കിൽ കയറിപ്പോയത്. മർദനത്തെപ്പറ്റി ആരും പരാതി നൽകിയിരുന്നില്ലെന്ന് ആറ്റിങ്ങൽ സിഐ പറഞ്ഞു. ചിറയിൻകീഴിലെ ചില ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. അതിനിടെയാണ് പ്രതികളെ തിരിച്ചറിയുന്നത്.