ഉപരോധത്തിനു പുറമെ യാത്രാവിലക്കും; ഉത്തര കൊറിയയെ വരിഞ്ഞുമുറുക്കി യുഎസ്

വാഷിങ്ടൻ∙ യുഎസിലേക്കു യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉത്തര കൊറിയ, മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേല എന്നിവയെക്കൂടി ഉൾപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഉത്തരവിറക്കി. നേരത്തെ വിലക്കുള്ള അഞ്ചു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കു പുറമേയാണിത്. പുതിയ ഉത്തരവ് ഒക്ടോബർ 18നു പ്രാബല്യത്തിൽ വരും. ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ, ഉത്തര കൊറിയ, ചാഡ്, വെനസ്വേല എന്നിവയാണു യാത്രാവിലക്കുള്ള രാജ്യങ്ങൾ.

സുരക്ഷാഭീഷണിയുടെ പേരിൽ കഴിഞ്ഞ ജനുവരിയിലാണ് ഏഴു മുസ്‌ലിം രാജ്യങ്ങളിലെ പൗരൻമാർക്കും അഭയാർഥികൾക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറൽ കോടതികൾ ഇതു തടഞ്ഞതിനെ തുടർന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാർച്ചിൽ പുതിയ ഉത്തരവിറക്കി. ട്രംപിന്റെ ഉത്തരവു ഭാഗികമായി നടപ്പിലാക്കാൻ സുപ്രീം കോടതി ജൂലൈയിൽ അനുമതി നൽകിയിരുന്നു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും. നിലവിൽ സാധുതയുള്ള വീസയുള്ളവർക്കു വിലക്കു ബാധകമാകില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വിലക്കിനു കാലാവധി നിശ്ചയിച്ചിട്ടില്ല.