രാജീവ് വധം: മുഖ്യപ്രതി ചക്കര ജോണിയുടെ പാസ്പോര്‍ട്ട് കണ്ടെത്തി

കൊല്ലപ്പെട്ട രാജീവ്.

ചാലക്കുടി∙ ഭൂമിയിടപാടുകാരനായ അങ്കമാലി നായത്തോട് വ‍ീരൻപറമ്പിൽ രാജീവിനെ (46) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണിയുടെ പാസ്പോര്‍ട്ട് രേഖകള്‍ കണ്ടെത്തി. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജോണി രാജ്യംവിട്ടിട്ടില്ലെന്നു തെളിഞ്ഞു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണു പ്രത്യേക അന്വേഷണ സംഘം രേഖകള്‍ കണ്ടെത്തിയത്.

രാജീവിനെ ബന്ദിയാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതു ചക്കര ജോണിയാണ്. ഇയാൾ രാജ്യം വിട്ടെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇയാൾക്കു മൂന്നു രാജ്യങ്ങളുടെ വീസയുള്ളതാണു സംശയമുയരാൻ കാരണം. ഓസ്ട്രേലിയ, യുഎഇ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് കൈവശമുള്ളത്. ജോണിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ അഭിഭാഷകൻ സി.പി.ഉദയഭാനുവിൽനിന്നു തനിക്കു വധഭീഷണി ഉണ്ടെന്നുകാട്ടി മൂന്നു മാസം മുൻപു ഡിജിപിക്കു രാജീവ് പരാതി നൽകിയ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. അന്വേഷണത്തിനു ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

കൊല നടത്തിയത് ശ്വാസംമുട്ടിച്ച്

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുവന്ന ശേഷം ഇവിടെ കൊല നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികിൽനിന്നു കണ്ടെത്തി.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നു. ഗൂഢാലോചന നയിച്ചതായി ആരോപിക്കപ്പെടുന്ന രണ്ടു പേരിൽ ഒരാൾക്കു രാജീവ് മൂന്നു കോടി രൂപയും മറ്റേയാൾക്ക് 70 ലക്ഷം രൂപയും നൽകാനുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. വസ്തു ഇടപാടിന് ഇവർ രാജീവിനു മുൻകൂറായി നൽകിയ തുകയാണിത്.

നോട്ട് നിരോധനം വന്നതും വൻ പണമിടപാടുകൾ നിരീക്ഷിക്കാൻ തുടങ്ങിയതും കാരണം പണം തിരികെ നൽകുന്നതു വൈകാനിടയാക്കിയെന്നാണു സൂചന. സി.പി.ഉദയഭാനു, ബിസിനസ് പങ്കാളി അങ്കമാലി സ്വദേശി ജോണി എന്നിവരിൽനിന്നു വധഭീഷണി ഉണ്ടെന്നുകാട്ടി ജൂൺ 16നു രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദാണ് അന്നു രാജീവിന്റെ പരാതി അന്വേഷിച്ചിരുന്നത്.

രാജീവ് മർദിക്കപ്പെട്ട വിവരം വെള്ളിയാഴ്ച ഷാഹുൽ ഹമീദിനെ വിളിച്ചു പറഞ്ഞതും ഈ അഭിഭാഷകനാണ്. അതുകൊണ്ടുതന്നെ പരാതി ഉയരാതിരിക്കാൻ അന്വേഷണ സംഘത്തിൽനിന്നു പിന്മാറാൻ അനുമതി വേണമെന്നു ഷാഹുൽ ഹമീദ് ഉന്നത ഉദ്യോഗസ്ഥരോടു പറഞ്ഞുവെന്ന് അറിയുന്നു. കേസിൽ ഷാഹുൽ ഹമീദിന്റെ മൊഴി രേഖപ്പെടുത്തേണ്ടിവരും. അതുകൊണ്ടുതന്നെ അതേ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നത് ഒഴിവാക്കുകയായിരുന്നുവെന്നാണു സൂചന.

രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. മുരിങ്ങൂർ സ്വദേശികളായ ഷൈജു, സുനിൽ, രാജൻ, കോനൂർ സ്നേഹനഗർ സ്വദേശി സത്യൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേസിലെ ഏക ദൃക്സാക്ഷിക്കു മുന്നിൽ ഇവരെ തിരിച്ചറിയൽ പരേഡിനു ഹാജരാക്കിയശേഷമേ ഔദ്യോഗിക സ്ഥ‍ിരീകരണമുണ്ടാകൂ.

രാജീവ് വധക്കേസിലേക്കു തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നു പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനു പറഞ്ഞു. കെട്ടിച്ചമച്ച ആരോപണങ്ങളാണു പുറത്തുവരുന്നത്. ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. രാജീവിനെ പരിചയമുണ്ട്. അന്വേഷണം പൂർത്തിയാവുമ്പോൾ സത്യാവസ്ഥ എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.