കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതർ; എതിർത്ത് സർക്കാർ

വിമതപ്രഖ്യാപനത്തിനുശേഷം ഹിതപരിശോധനയിലെ വിജയം ആഘോഷിക്കുന്നവർ

ലണ്ടൻ ∙ സ്പെയിനിലെ പരമോന്നത കോടതിയുടെ വിധി ലംഘിച്ചും പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ബലമായി റഫറണ്ടം നടത്താനിറങ്ങിയ കാറ്റലോണിയക്കാരെ പൊലീസ് തടഞ്ഞു. സംഘർഷത്തിൽ  ആയിരത്തിലേറ പേർക്കു പരിക്കേറ്റു. സ്പെയിനിൽനിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ രാജ്യമാകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് ഇന്നലെ ആയിരക്കണക്കിന് കാറ്റലോണിയക്കാർ ഹിതപരിശോധനയ്ക്കായി അവർതന്നെ ഒരുക്കിയ പോളിംങ് ബൂത്തുകളിലേക്ക് എത്തിയതാണ് വൻ സംഘർഷത്തിന് കാരണമായത്.

ബലമായി ഹിതപരിശോധന നടത്താനുള്ള കാറ്റലോണിയക്കാരുടെ തീരുമാനവും തുർന്നുണ്ടായ സംഘർഷവും ഈ വിഷയത്തെ രാജ്യാന്തര പ്രശ്നമാക്കി മാറ്റി. സ്പെയിനിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെയും യൂറോപ്പിലെ ക്രമസമാധാന നിലയെയും സാരമായി ബാധിക്കുന്ന പ്രശ്നമായി ഇതു ഭാവിയിൽ വളരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബ്രെക്സിറ്റിന്റെ പേരിൽ നട്ടംതിരിയുന്ന യൂറോപ്പിന് മറ്റൊരു പ്രഹരംകൂടിയാകും ഈ വിഘടനവാദം. മെഡിറ്ററേനിയൻ തുറമുഖനഗരമായ ബാർസിലോന തലസ്ഥാനമായി പുതിയ രാജ്യം അനുവദിക്കണമെന്നാണ് കാറ്റലോണിയക്കാരുടെ ആവശ്യം. പ്രാദേശിക ഭരണ നേതൃത്വത്തിന്റെ  അനുമതിയോടെയാണ് ഈ വിഘടനവാദം ചൂടുപിടിക്കുന്നത്. 

കാറ്റലോണിയ ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയവർ

അതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടയിലും ഹിതപരിശോധനയിലൂടെ കാറ്റലോണിയക്കാർ സ്വതന്ത്ര രാഷ്ട്രപദവിക്കുള്ള അവകാശം നേടിയതായി കാറ്റാലൻസ് നേതാവ് കാർലസ് പ്യൂഗ്ഡെമൗണ്ട്  അവകാശപ്പെട്ടു. ഹിതപരിശോധനാഫലം അടുത്തദിവസം കറ്റാലൻ പാർലമെന്റിൽ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി വൈകി ബാർസിലോന നഗരത്തിൽ കാറ്റലോണിയക്കാർ വൻ വിജയറാലിയും നടത്തി. 

സ്പെയിനിലെ 75 ലക്ഷത്തോളം വരുന്ന കാറ്റലോണിയക്കാരാണ് തങ്ങൾക്ക് സ്വതന്ത്ര രാജ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്പെയിനിന്റെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറ്റലോണിയ.

വോട്ടു ചെയ്യാൻ കാറ്റലോണിയ, എതിർത്ത് സ്പാനിഷ് സർക്കാർ

സ്പാനിഷ് കോടതി റഫറണ്ടം നിരോധിച്ചതോടെ ഇതിനുള്ള ഒരുക്കങ്ങൾ ചെറുക്കാൻ പൊലീസ് ശക്തമായ നടപടികൾ എടുത്തിരുന്നു. എങ്കിലും ഇവയെല്ലാം മറികടന്ന് ജനം വോട്ടുചെയ്യാനായി പോളിങ് ബൂത്തുകളിൽ എത്തുകയായിരുന്നു. വിലക്കുകൾ മറികടന്ന് അവർതന്നെ തയാറാക്കിയ ബൂത്തുകളിൽ എത്തിയവരെ പൊലീസ് തടഞ്ഞു. എതിർക്കാൻ ശ്രമിച്ചവരെ വിരട്ടിയോടിച്ചു. പലയിടങ്ങളിലും വിഘടനവാദികളും പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഔദ്യോഗിക കണക്കനുസരിച്ച് 761 പേർക്ക് പരുക്കേറ്റതായാണ് വിവരം. എന്നാൽ യഥാർഥ സംഖ്യ ഇതിലും ഏറെയാണ്. നിരവധി പൊലീസുകാർക്കും സംഘട്ടനത്തിൽ പരുക്കുണ്ട്. 

കാറ്റലോണിയ ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയവർ

പല സ്ഥലങ്ങളിൽനിന്നും ബാലറ്റ് പേപ്പറുകൾ പിടിച്ചെടുത്ത പോലീസ് 92 പോളിങ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പൂട്ടിച്ചു. റബർ ബുള്ളറ്റുകൊണ്ട് വെടിയുതിർത്താണ് പലയിത്തും പൊലീസ് അക്രമികളെ തുരത്തിയതെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ പൊലീസ് അർധസൈനികരുടെ സഹായവും തേടി.

വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി

നിയമവിരുദ്ധമായ വോട്ടെടുപ്പിൽ പങ്കെടുത്ത കാറ്റാലൻസ് വിഡ്ഢികളായെന്ന് സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റജോയ് തുറന്നടിച്ചു. പോളിങ് സമയം അവസാനിച്ചയുടനെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്പെയിനിന്റെ വാണിജ്യ തലസ്ഥാനവും തുറമുഖനഗരവുമായ ബാർസിലോന കേന്ദ്രീകരിച്ചാണ് പുതിയ രാജ്യം വേണമെന്ന ആവശ്യം കാറ്റലോണിയക്കാർ ഉന്നയിക്കുന്നത്. സ്പെയിനിലേക്കുള്ള വിദേശ സാമ്പത്തിക നിക്ഷേപത്തിന്റെ നല്ലൊരു ഭാഗവും കാറ്റലോണിയയിലാണുള്ളത്. രാജ്യം കയറ്റുമതി ചെയ്യുന്ന സാമഗ്രികൾ കൂടുതലായി ഉൽപാദിപ്പിക്കുന്നതും ഇവിടെയാണ്. ഈ സാഹചര്യത്തിൽ കാറ്റലോണിയ വിട്ടുപോകുന്നത് സ്പെയിനിന്റെ സാമ്പത്തിക അടിത്തറയിളക്കും. ഇതാണ് സർക്കാർ റഫറണ്ടത്തെ എതിർക്കാൻ കാരണം. 

കാറ്റലോണിയ ഹിതപരിശോധനയിൽ പങ്കെടുക്കാനെത്തിയവർ

സർക്കാരിന്റെ എതിർപ്പും കോടതിയുടെ വിലക്കും മറികടന്ന് റഫറണ്ടം നടത്താനായിരുന്നു കാറ്റലോണിയൻ ആക്ടിവിസ്റ്റുകളുടെ തീരുമാനം ഇതിനായി ആയിരക്കണക്കിന് പോളിങ് സ്റ്റേഷനുകളും അവർ സജ്ജമാക്കി. റഫറണ്ടത്തിൽനിന്നും പിന്മാറാനും ഇതുസംബന്ധിച്ച തുടർനടപടികൾ അവസാനിപ്പിക്കാനും സ്പാനിഷ് സർക്കാർ വിഘടനവാദികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.

ബ്രിട്ടനിൽ സ്കോട്‌ലൻഡ്, സ്പെയിനിൽ കാറ്റലോണിയ

ബ്രിട്ടനിൽനിന്നും വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന സ്കോട്ടിഷ് ജനതയുടെ ആവശ്യം ഹിതപരിശോധനയിലൂടെ നിരാകരിക്കപ്പെട്ടിരുന്നു. പിന്നീട് ബ്രെക്സിറ്റിനു ശേഷം ഈ ആവശ്യം അവർ വീണ്ടും പൊടിതട്ടിയെടുത്തെങ്കിലും പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാണ് ബ്രിട്ടീഷ് സർക്കാർ ഇതിനെ മറികടന്നത്. തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികൾ സ്കോട്ട്ലൻഡിൽ വൻ മുന്നേറ്റം നടത്തിയതോടെ സ്വതന്ത്ര സ്കോട്ട്ലൻഡിനായി വാദിച്ചിരുന്ന സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് പറയാൻ ന്യായങ്ങളില്ലാതായി. സമാനമായ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സ്പെയിനിനും ഇപ്പോഴത്തെ  വിഷമസന്ധിയിൽനിന്നും കരകയറാനാകൂ.