അണികൾ മുതലാളിത്തത്തെപ്പറ്റി പഠിക്കണം, മാർക്സിസം മറക്കരുത്: ഷി ചിൻപിങ്

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്

ബെയ്ജിങ്∙ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഭരണത്തിൽ പാർട്ടിയുടെ അധീശത്വം തുടരുമെന്നുതന്നെ വ്യക്തമാക്കി പ്രസിഡന്റ് ഷി ചിൻപിങ്. പോളിറ്റ്ബ്യൂറോ സ്റ്റഡി സെഷനിടെയാണു മാറിയ സാഹചര്യങ്ങളിലുള്ള തന്റെ നയങ്ങൾ പ്രസിഡന്റ് വ്യക്തമാക്കിയത്.

രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെല്ലാവരും നവ മുതലാളിത്തത്തെപ്പറ്റി പഠിക്കണമെന്നും എന്നാൽ മാർക്സിസത്തിൽനിന്നു വ്യതിചലിച്ചു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലവും സമൂഹവും മാറിയിട്ടുണ്ടെങ്കിലും മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഇന്നും സത്യമായിത്തന്നെ തുടരുകയാണ്. മാർക്സിസത്തെ ഉപേക്ഷിക്കുകയോ അതിൽനിന്നു വ്യതിചലിക്കുകയോ ചെയ്താൽ അതു പാർട്ടിയുടെ ആത്മാവിനെ നഷ്ടപ്പെടുത്തും, ദിശാബോധവും ഇല്ലാതാകും.

പാർട്ടിയെ നയിക്കുന്നതിൽ മാർക്സിസത്തിനുള്ള പങ്ക് എന്നും ഉയർന്നു നിൽക്കണമെങ്കില്‍ അചഞ്ചലമായ നിശ്ചയദാർഢ്യം ആവശ്യമാണ്. എന്തൊക്കെ സംഭവിച്ചാലും ആ നിശ്ചദാർഢ്യത്തിന് ഉലച്ചിൽ സംഭവിക്കരുത്. ഈ സാഹചര്യത്തിൽ രാജ്യത്തു ഭരണത്തിനെതിരെ ഉയരുന്ന ഒരു വെല്ലുവിളിയും വച്ചുപൊറുപ്പിക്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഒക്ടോബർ 18ന് ആരംഭിക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ഷി ചിന്‍പിങ് പിടിമുറുക്കുമോ എന്നുള്ള വലിയ ചർച്ചകൾ നടക്കുമ്പോഴാണു പ്രസിഡന്റിന്റെ പരാമർശങ്ങൾ എന്നതു ശ്രദ്ധേയമാണ്.

ചൈനീസ് സ്വഭാവവിശേഷങ്ങളോടെയുള്ള സോഷ്യലിസം കെട്ടിപ്പടുക്കാൻ ശ്രമിക്കണം. ചൈനയുടെ സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ മേന്മകൾ വർധിപ്പിക്കാനും ശ്രമമുണ്ടാകണം. മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സമകാലിക ചൈനയിലെ യാഥാർഥ്യങ്ങൾക്കൊപ്പം കൂട്ടിച്ചേർത്തുവേണം പ്രയോഗിക്കേണ്ടത്. മാർക്സിസത്തിന്റെ വികസനത്തിന് ആധുനിക സമൂഹത്തിന്റെ മറ്റു മാതൃകകൾ സൃഷ്ടിക്കുന്ന നേട്ടങ്ങളിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊള്ളണം. നവമുതലാളിത്തത്തിന്റെ അന്തഃസത്തയും അതിന്റെ മാതൃകകളും പഠിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ മുതലാളിത്ത വിഷയത്തിൽ പ്രസിഡന്റ് കൂടുതൽ വിശദീകരണത്തിനു മുതിർന്നില്ലെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

1970കളിലാണു ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലേക്കു പുതിയ മാറ്റങ്ങൾ കടന്നുവരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് രാജ്യം. സ്വകാര്യ കമ്പനികൾക്ക് ഏറെ പിന്തുണ നൽകുന്നുണ്ടെങ്കിലും വളർച്ചയുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഇന്നും പ്രാമുഖ്യം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ്. ഉൽപാദിപ്പിക്കുന്നത്ര ഉല്‍പന്നങ്ങള്‍ വിറ്റുപോകുന്നില്ലെന്നതാണ് രാജ്യത്തിന്റെ പ്രധാന പ്രശ്നം.

അഞ്ചു വർഷം മുൻപ് ഭരണത്തിലേറിയതിനു ശേഷം പാർട്ടിയുടെ അധീശത്വ സ്വഭാവം അരക്കിട്ടുറപ്പിക്കുന്ന നടപടികൾക്കാണു പ്രസിഡന്റ് ഷി ചിൻപിങ് പ്രാധാന്യം നൽകിയത്. വിമതരെയും മനുഷ്യാവകാശ പ്രവർത്തകരെയും ജയിലിലാക്കി. ഇന്റർനെറ്റിനും മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിട്ടു. സുരക്ഷാസംവിധാനങ്ങളും ചൊൽപ്പടിയിലാക്കി. ഇത്തരം നിയന്ത്രണങ്ങൾ ഇനിയും തുടരുമെന്നാണ് പ്രസിഡന്റ് നൽകുന്ന സൂചനയെന്നാണ് റിപ്പോർട്ടുകൾ.