അത് യുഎന്നിലെ വ്യാജ ചിത്രം പോലൊരു കള്ളം: പാക്ക് ആരോപണത്തിന്റെ മുനയൊടിച്ച് ഇന്ത്യ

യുഎന്നിൽ തെറ്റായ ചിത്രം ഉയർത്തിക്കാട്ടുന്ന യുഎന്നിലെ പാക്ക് സ്ഥാനപതി മലീഹാ ലോധി, പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവ്.

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പകരമായി അഫ്‌ഗാനിസ്ഥാനിലെ ജയിലിലുള്ള ഭീകരനെ കൈമാറാമെന്ന നിർദേശമുയർന്നതായുള്ള പാക്ക് വിദേശകാര്യമന്ത്രി ക്വാജ മുഹമ്മദ് ആസിഫിന്റെ വെളിപ്പെടുത്തൽ തള്ളി ഇന്ത്യ. യുഎൻ പൊതുസഭയിൽ വ്യാജ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതുപോലുള്ള നടപടിയാണ് ഇതെന്ന്് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

യുഎൻ പൊതുസഭയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഇന്ത്യയിൽനിന്നുള്ളതെന്ന പേരിൽ ഉയർത്തിക്കാട്ടിയ ചിത്രം മറ്റൊരു രാജ്യത്തുനിന്നുള്ളതായിരുന്നു. നുണകളുടെ ഈ പരമ്പരയിലെ പുതിയ സംഭവമാണ് കുൽഭൂഷൺ ജാദവുമായി ബന്ധപ്പെട്ട പ്രസ്താവനയെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പരിഹസിച്ചു. 

അഫ്ഗാൻ വിദേശകാര്യ വക്താവ് പുറത്തുവിട്ട പത്രക്കുറിപ്പ് എല്ലാവരും കണ്ടുകാണുമല്ലോ. പാക്കിസ്ഥാൻകാർ അടുത്തകാലത്തായി പടച്ചുവിടുന്ന സാങ്കൽപിക നുണകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ കള്ളമാണതെന്ന് അതു വായിച്ചവർക്ക് മനസ്സിലാകും – രവീഷ് കുമാർ പറഞ്ഞു. ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ചു പിടികൂടിയ കുൽഭൂഷൺ ജാദവിനെ കഴിഞ്ഞ ഏപ്രിലിലാണു പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

കുൽഭൂഷൺ ജാദവിനെ വിട്ടുകൊടുത്താൽ, പെഷാവറിലെ സൈനിക സ്കൂൾ ആക്രമിച്ചു കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് ഭീകരനെ പകരം കൈമാറാമെന്ന് വാഗ്ദാനം ലഭിച്ചെന്നായിരുന്നു ക്വാജ മുഹമ്മദിന്റെ വെളിപ്പെടുത്തൽ. അഫ്ഗാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവിനെ ഉദ്ധരിച്ചാണ് ഏഷ്യ സൊസൈറ്റിയിലെ പ്രസംഗത്തിനിടെ ക്വാജ മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, അഫ്‍ഗാനിലുള്ള ഭീകരന്റെ പേരു വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം, ക്വാജ മുഹമ്മദിന്റെ വെളിപ്പെടുത്തലിനു വിരുദ്ധമായ നിലപാടാണ് അഫ്ഗാൻ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഫനീഫ് ആത്‌മർ കൈക്കൊണ്ടത്. ന്യൂയോർക്കിൽവച്ച് സെപ്റ്റംബർ 21 ന് പാക്ക് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയെക്കുറിച്ചോ ഇന്ത്യൻ പൗരൻമാരെക്കുറിച്ചോ ചർച്ച ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും ആത്‌മറിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.